Thovalai: ഓണത്തിന് പൂത്തുലയുന്ന തമിഴ്നാടൻ ഗ്രാമം; തോവാളയിലേക്ക് ഒരു യാത്രയാകാം
Onam Special Travel To Thovalai: കാണം വിറ്റ് മലയാളികൾ ഓണം ഉണ്ണുമ്പോൾ പൂ വിറ്റ് ജീവിക്കുന്ന ഗ്രാമമാണ് തമിഴ്നാട്ടിലെ തോവാള. ഓണത്തിന് മാത്രമല്ല കേട്ടോ, തോവാളയിൽ വർഷത്തിലെ ഏത് ദിവസവും പൂക്കളുണ്ടാകും. കേരളത്തിലെ എന്താഘോഷങ്ങൾക്കും തോവാളയിൽ നിന്നാണ് പൂക്കളെത്തുന്നത്.

Thovalai
കേരളത്തിൻ്റെ സ്വന്തം പൂക്കടയാണ് അങ്ങ് തമിഴ്നാട്ടിലെ തോവാള. ഓണക്കാലമായാൽ തോവാളയിൽ പിന്നെ തിരക്കിന്റെ നാളുകളായിരിക്കും. അത്തമുദിക്കുന്നത് മുതൽ തോവാളയിൽ പൂവുകൾ വാങ്ങാൻ ആളുകൾ എത്തിത്തുടങ്ങും. ഓണക്കാലത്ത് വിപണി കീഴടക്കുന്ന പ്രധാനമായ ഒന്നാണ് പൂക്കൾ. പണ്ട് കാലത്ത് വീടിൻ്റെ മുറ്റത്തും തൊടികളിലും നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ടാണ് നമ്മൾ പൂക്കളമൊരുക്കിയിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി പാടെ മാറി. തോവാളയിൽ നിന്ന് പൂവെത്തിയില്ലെങ്കിൽ മലയാളികളും ഓണം വെള്ളത്തിലാകും.
കാണം വിറ്റ് മലയാളികൾ ഓണം ഉണ്ണുമ്പോൾ പൂ വിറ്റ് ജീവിക്കുന്ന ഗ്രാമമാണ് തമിഴ്നാട്ടിലെ തോവാള. ഓണത്തിന് മാത്രമല്ല കേട്ടോ, തോവാളയിൽ വർഷത്തിലെ ഏത് ദിവസവും പൂക്കളുണ്ടാകും. കേരളത്തിലെ എന്താഘോഷങ്ങൾക്കും തോവാളയിൽ നിന്നാണ് പൂക്കളെത്തുന്നത്. അതുകൊണ്ട് തന്നെ ഓണവുമായി തോവാളയ്ക്ക് വളരെ വലിയ ഒരു ബന്ധമുണ്ട്. ചിങ്ങം പിറന്നാൽ പിന്നെ കേരളത്തിലെ പൂ കച്ചടവക്കാർ തോവാളയിലേക്ക് യാത്ര പുറപ്പെടും. രാവിലെ തന്നെ സജീവമാകുന്ന ഇവിടുത്തെ മാർക്കറ്റുകൾ നടന്നു കാണാൻ ഒരു പ്രത്യേക ചന്തമാണ്.
ഓണക്കാലത്തും അല്ലാതെയും നിരവധി മലയാളികളാണ് തോവാളയിലെ ഈ സൗന്ദര്യം കാണാനെത്തുന്നത്. അതുകൊണ്ട് ഓണക്കാലത്ത് നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലമാണ് തോവാള. അതിമനോഹരമായ ഈ പൂപ്പാടങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിൽ നേരിട്ട് കണ്ടിരിക്കേണ്ടതാണ്. ഒരിക്കലും വാക്കുകൾകൊണ്ട് പറഞ്ഞ് തീർക്കാൻ പറ്റുന്നതല്ല ഇവിടുത്തെ ഭംഗി. ഓറഞ്ചും മഞ്ഞയും ഇടകലന്ന ജമന്തി പൂപ്പാടങ്ങൾ, കണ്ണെത്തുന്നിടത്തെല്ലാം പൂക്കൾ, അങ്ങനെ പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു ഗ്രാമമെന്ന് വേണമെങ്കിൽ തോവാളയെ വിശേഷിപ്പിക്കാം.
ജമന്തിയോടൊപ്പം അതിൽ മുല്ലയും പിച്ചിയും ചെണ്ടുമല്ലികയും എല്ലാം ഉൾപ്പെടും. പണ്ട് രാജഭരണകാലത്ത് തോവാള തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്നത്രേ. അതുകൊണ്ട് തന്നെ ഇവിടുത്തെ പൂകൃഷിയെ പരപാലിക്കുകയും കൃഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയതും തിരുവിതാകൂർ രാജാക്കന്മാരായിരുന്നുവെന്നാണ് ചരിത്രം. തോവാള പൂച്ചന്തയ്ക്ക് ഏകദേശം 100 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ചില കണക്കുകൾ പറയുന്നത്.