Sachkhand Express: യാത്രയിൽ ഭക്ഷണം സൗജന്യമായി നൽകുന്ന ഒരേയൊരു ട്രെയിൻ
Sachkhand Express Free Food: 33 മണിക്കൂർ നീളുന്ന യാത്രയിൽ 39 സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. 2,000 കിലോമീറ്ററാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്. യാത്രയിലുടനീളം യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകുന്ന രാജ്യത്തെ ഒരേയൊരു ട്രെയിനാണിത്.

Sachkhand Express
ദൂരയാത്രയ്ക്ക് എപ്പോഴും ട്രെയിനാണ് ഏറ്റവും നല്ലത്. കാരണം ശരീരത്തിനും മനസ്സിനും യാതൊരു മടപ്പും ഉണ്ടാവാതെ യാത്ര ചെയ്യാൻ സാധിക്കും. കാഴ്ചകളൊക്കെ കണ്ട് ട്രെയിനിൽ ഒരു അടിച്ചുപൊളി യാത്രയാണ് എല്ലാവരുടെയും ആഗ്രഹം. ഈ യാത്രയിൽ സൗജന്യമായി ഭക്ഷണം കൂടി കിട്ടിയാലോ? ആഹാ പൊളി… നമ്മുടെ രാജ്യത്ത് യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു ട്രെയിനുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കണം. കഴിഞ്ഞ 29 വർഷമായി യാത്രക്കാർക്ക് ഈ ട്രെയിനിൽ സൗജന്യ ഭക്ഷണമാണ് നൽകിവരുന്നത്.
സച്ച്ഖണ്ഡ് എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്കാണ് സൗജന്യ ഭക്ഷണം ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡിനും പഞ്ചാബിലെ അമൃത്സറിനും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. അമൃത്സറിലെ ശ്രീ ഹർമന്ദർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് നന്ദേഡിലെ ശ്രീ ഹുസൂർ സാഹിബ് ഗുരുദ്വാര വരെയുള്ള രണ്ട് പ്രമുഖ മതകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. 2,000 കിലോമീറ്ററാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്. യാത്രയിലുടനീളം യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകുന്ന രാജ്യത്തെ ഒരേയൊരു ട്രെയിനാണിത്.
33 മണിക്കൂർ നീളുന്ന യാത്രയിൽ 39 സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ന്യൂഡൽഹി, ഭോപ്പാൽ, പർഭാനി, ജൽന, ഔറംഗാബാദ്, മറാത്ത്‌വാഡ എന്നിവിടങ്ങളിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ നിർത്തുമ്പോഴാണ് യാത്രക്കാർക്ക് ഭക്ഷണം നൽകുന്നത്. ഉത്തരേന്ത്യൻ ഭക്ഷണമാണ് ഇതിൽ ലഭിക്കുക. കാദി-ചാവൽ, ചോലെ, ദാൽ, ഖിച്ച്ഡി, വിവിധ പച്ചക്കറികൊണ്ടുള്ള കറികൾ തുടങ്ങിയ ഭക്ഷണങ്ങളാണ് നൽകുന്നത്.
ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുന്ന യാത്രക്കാർ സ്വന്തമായി പ്ലേറ്റുകൾ കൈയ്യിൽ കരുതണം. സ്ലീപ്പർ ക്ലാസ് മുതൽ എസി കോച്ചുകൾ വരെയുള്ള എല്ലാ യാത്രക്കാർക്കും ഭക്ഷണം ലഭ്യമാണ്. ഗുരുദ്വാരകളിൽ നിന്ന് ഭക്ഷണമായും പണമായും ലഭിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണ് ഇതിൻ്റെ ചെലവ് നിയന്ത്രിക്കുന്നത്.