Kaviyoor Rock Cut Temple: തമിഴ് ദ്രാവിഡ സംസ്കാരത്തിൻ്റെ തെളിവ്; അറിയാം ചരിത്രമുറങ്ങുന്ന കവിയൂർ ഗുഹാ ക്ഷേത്രത്തെക്കുറിച്ച്
Thrikkakkudi Rock Cut Temple: പാണ്ഡവന്മാർ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാതെയാണ് ഇവിടെനിന്ന് മടങ്ങിയത്. കാരണം കൗരവർ ഇവരുടെ ഒളിസ്ഥലം കണ്ടെത്തിയത് മനസ്സിലാക്കി ഹനുമാൻ പാണ്ഡവരെ വിവരം അറിയിക്കുകയും അങ്ങനെ ക്ഷേത്ര നിർമ്മാനം പാതിവഴിയിൽ ഉപേക്ഷിച്ച് അവർ മടങ്ങുകയും ചെയ്തു.

Kaviyoor Rock Cut Temple
ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഒട്ടനവിധി സ്ഥലങ്ങളാണ് നമ്മുടെ കേരളത്തിലുള്ളത്. ക്ഷേത്രങ്ങളും സ്മാരകങ്ങളും കൊട്ടാരങ്ങളും എല്ലാം നിറഞ്ഞ ചരിത്രമുറങ്ങുന്ന മണ്ണാണിത്. അത്തരത്തിൽ പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ നിറഞ്ഞ ഒട്ടേറെ ക്ഷേത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അങ്ങനൊരു ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ കവിയൂരിലുള്ള ഗുഹാ ക്ഷേത്രം. തിരുവല്ലയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കേരളത്തിൽ മുൻപുണ്ടായിരുന്ന തമിഴ് ദ്രാവിഡ സംസ്കാരത്തിന്റെ തെളിവായാണ് ഈ ക്ഷേത്ര നിലകൊള്ളുന്നത്. എട്ടാം നൂറ്റാണ്ടിൽ പാറതുരന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാ പാത്രം ശിവനാണ്. ഈ പ്രദേശത്ത് പാണ്ഡവർ ഒളിവിൽ കഴിഞ്ഞിരുന്നതായും അങ്ങനെ അവർ അവിടെയുള്ള ഗുഹയിൽ ശിവലിംഗം പ്രതിഷ്ഠിച്ചവെന്നും ആണ് ഐതിഹ്യം.
ഇതിൻ്റെ പേരിന് പിന്നിലുമുണ്ട് രസകരമായ ഒരു കാര്യം. തിരു കൽ കുടി എന്ന വാക്കിൽ നിന്നാണ് തൃക്കാക്കുടി എന്ന പേര് ഉത്ഭവിച്ചത്. പവിത്രമായത് കുടികൊള്ളുന്ന കല്ല് എന്നാണത്രേ ഇതിന്റെ അർത്ഥം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന കൊടിമരമോ ബലിവട്ടമോ ഒന്നുംതന്നെ ഇവിടെയില്ല. എന്നാൽ പാണ്ഡവന്മാർ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാതെയാണ് ഇവിടെനിന്ന് മടങ്ങിയത്. കാരണം കൗരവർ ഇവരുടെ ഒളിസ്ഥലം കണ്ടെത്തിയത് മനസ്സിലാക്കി ഹനുമാൻ പാണ്ഡവരെ വിവരം അറിയിക്കുകയും അങ്ങനെ ക്ഷേത്ര നിർമ്മാനം പാതിവഴിയിൽ ഉപേക്ഷിച്ച് അവർ മടങ്ങുകയും ചെയ്തു.
കല്ലിൽ കൊത്തിയ മനോഹരമായ ശില്പങ്ങൾ ഈ ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണമാണ്. ക്ഷേത്രത്തിന് സമീപം ഒരു കുളവും ചാരു വൃക്ഷവുമുണ്ട്. എന്നാൽ മരത്തിൽ തൊട്ടാലോ അതിൻ്റെ ഇലകളിൽ സ്പർശിച്ചാലോ പൊള്ളും എന്നും പറയപ്പെടുന്നു. ഒരു നേരം മാത്രമാണ് ഇവിടെ പൂജ. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ആറ് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഇവിടെയെത്താം.