Chathurangapara Viewpoint: ചതുരംഗ പാറ വഴി… മൂന്നാറിലേക്ക്! സഞ്ചാരികളുടെ മനം കവരും ഈ കാഴ്ച്ചകൾ
Idukki Chathurangapara Viewpoint: ട്രക്കിങ് ഇഷ്‌ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണിത്. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ച സ്ഥലമാണ് ഇതെന്നാണ് ഇവിടുത്തെ ഐതിഹ്യം. കുന്നിൻ മുകളിലേക്ക് എത്താൻ ഓഫ് റോഡ് ജീപ്പുകൾ ലഭ്യമാണ്. മല മുകളിൽ എത്തിയാൽ കണ്ണ് എത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന തമിഴ്‌നാടൻ ഗ്രാമീണ ഭംഗിയും ആസ്വദിക്കാം.
കാറ്റ് വീശുന്ന താഴ്‌വരയിലൂടെ കാറ്റാടി പാടങ്ങളെ തലോടി ഒരു യാത്ര. എത്ര മനോഹരമായിരിക്കും. മഞ്ഞു മൂടിയ തേയിലക്കാടുകളിലൂടെ മനസിനെ കുളിരണിയിക്കുന്ന കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടുക്കിയിലേക്ക് പോയാലോ. കാഴിച്ചകൾ ഒട്ടനവധിയാണെങ്കിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ചില സ്ഥലങ്ങളും ഇവിടെയുണ്ട്. വിനോദ സഞ്ചാരികൾ കുറവായതിനാൽ ഇത്തരം സ്ഥലങ്ങളിൽ അല്പം ശാന്തത കൂടുതലായിരിക്കും. ജീവിത യാത്രയിൽ എന്നും ചേർത്ത് വെയ്ക്കാൻ ചതുരംഗ പാറ കണ്ട് അതുവഴി മൂന്നാറിലേക്ക് ഒരു യാത്ര പോകാം.
പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ജില്ലയാണ് ഇടുക്കി. മലനിരകളും തെയിലതോട്ടങ്ങളും കോടയും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങഅങളാണ്. അത്തരത്തിൽ ഒരു മനോഹര സ്ഥലമാണ് ചതുരംഗപാറ. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോമീറ്റർ തമിഴ്‌നാട് അതിർത്തിയിലേക്ക് നല്ല കിടിലൻ വനപാതയിലൂടെ സഞ്ചരിച്ചാൽ ചതുരംഗപാറയിലെത്താം. എങ്ങും പശ്ചിമഘട്ടത്തിൻറെ പച്ചപ്പും കാറ്റാടിപ്പാടവും അതാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത.
ട്രക്കിങ് ഇഷ്‌ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണിത്. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ച സ്ഥലമാണ് ഇതെന്നാണ് ഇവിടുത്തെ ഐതിഹ്യം. കുന്നിൻ മുകളിലേക്ക് എത്താൻ ഓഫ് റോഡ് ജീപ്പുകൾ ലഭ്യമാണ്. മല മുകളിൽ എത്തിയാൽ കണ്ണ് എത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന തമിഴ്‌നാടൻ ഗ്രാമീണ ഭംഗിയും ആസ്വദിക്കാം. അതൊരു പ്രത്യേക വൈബാണ്. പരന്നുകിടക്കുന്ന കൃഷിപാടങ്ങളും, വേർതിരിച്ച തോട്ടങ്ങളും മലമുകളിൽ നിന്ന് കാണാൻ അതീവ മനോഹരമാണ്.
മലമുകളിലെത്തിയാൽ സദാസമയവും നല്ല കുളിർകാറ്റാണ്. എത്ര ദുരത്തുനിന്ന് വന്നവരാണെങ്കിലും ആ കാറ്റിൽ എല്ലാ ക്ഷീണവും പോകും. ഇടുക്കി നഗരപരിധിയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയാണ് ചതുരംഗപാറ വ്യൂപോയിൻ്റ് സ്ഥിതി ചെയ്യുന്നത്. സൂര്യോദയം കാണാനും സൂര്യ അസ്തമയം കാണാനുമാണ് കൂടുതൽ സഞ്ചാരികളും ഇവിടേക്ക് എത്തുന്നത്. കൂടാതെ രാമക്കൽമേടും ഇടുക്കി ഡാമിന്റെ പ്രകൃതിയാൽ ചുറ്റപ്പെട്ട ദൃശ്യഭംഗിയും ഇവിടെ നിന്നാൽ കൺകുളിർക്കെ ആസ്വദിക്കാം.
ചതുരംഗപാറയിൽ നിന്ന് മൂന്നാറിലേക്ക് ദേവികുളം വഴി പോകാം. ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. 46.3 കിലോമീറ്ററാണ് ഇവിടെ നിന്ന് മൂന്നാറിലേക്കുള്ള ദൂരം. പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യഭംഗി വേണ്ടുവോളം ഉള്ളതുകൊണ്ട് യാത്ര ഒരിക്കലും മടുക്കില്ല. നിങ്ങളുടെ ആവശ്യാനുസരണം വിശ്രമിച്ച് മലകളും പച്ചപ്പും ആസ്വദിച്ച് പോകാൻ പറ്റിയ റൂട്ടാണിത്.