Iruppu Waterfalls: ലക്ഷ്മണൻ അമ്പെയ്തുണ്ടാക്കിയ അരുവി? ഇരുപ്പ് വെള്ളച്ചാട്ടത്തിന് ഇങ്ങനെയും ഒരു പേരോ

Wayanad Iruppu Waterfalls: 'ലക്ഷ്മണ തീർത്ഥം' എന്നും ഈ വെള്ളച്ചാട്ടത്തെ അറിയപ്പെടുന്നുണ്ട്. ഐതിഹ്യങ്ങൾ നോക്കിയാൽ രാമായണകഥയുമായി ഇഴപിരിയാത്ത ബന്ധമാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്. സീതാദേവിയെ തേടിയുള്ള യാത്രയിൽ ശ്രീരാമനും ലക്ഷ്മണനും ബ്രഹ്മഗിരി മലനിരകളിൽ എത്തിയതായി കരുതപ്പെടുന്നുണ്ട്.

Iruppu Waterfalls: ലക്ഷ്മണൻ അമ്പെയ്തുണ്ടാക്കിയ അരുവി? ഇരുപ്പ് വെള്ളച്ചാട്ടത്തിന് ഇങ്ങനെയും ഒരു പേരോ

Iruppu Waterfalls

Published: 

20 Feb 2026 | 09:51 PM

വയനാടിൻ്റെ പ്രകൃതി ഭം​ഗിയും വിസ്മയ കാഴ്ച്ചകളും എത്ര കണ്ടാലും മതിവരാത്തതാണ്. എന്നാൽ അവിടെ ആർക്കും അറിയാത്ത ഒരുപാട് വെള്ളച്ചാട്ടങ്ങളും അതിനെ ചുറ്റപ്പറ്റി നിരവധി ഐതിഹ്യങ്ങളും കഥകളും ഒളിച്ചിരിപ്പുണ്ട്. അത്തരത്തിൽ വയനാടിൻ്റെ അതിർത്തി പങ്കിടുന്ന ബ്രഹ്മഗിരി മലനിരകളുടെ മടിത്തട്ടിൽ, പ്രകൃതിയും ഐതിഹ്യവും കൈകോർക്കുന്ന ഒരു അത്ഭുതമാണ് ഇരുപ്പ് വെള്ളച്ചാട്ടം (Iruppu Waterfalls). കർണാടകയിലെ കുടക് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും വയനാട് യാത്രകളിൽ സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാത്ത ഒരിടമാണിത്.

എന്നാൽ ഈ വെള്ളച്ചാട്ടത്തിന് മറ്റൊരു പേരുകൂടിയുണ്ട്. ‘ലക്ഷ്മണ തീർത്ഥം’ എന്നും ഈ വെള്ളച്ചാട്ടത്തെ അറിയപ്പെടുന്നുണ്ട്. ഐതിഹ്യങ്ങൾ നോക്കിയാൽ രാമായണകഥയുമായി ഇഴപിരിയാത്ത ബന്ധമാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്. സീതാദേവിയെ തേടിയുള്ള യാത്രയിൽ ശ്രീരാമനും ലക്ഷ്മണനും ബ്രഹ്മഗിരി മലനിരകളിൽ എത്തിയതായി കരുതപ്പെടുന്നുണ്ട്. ഈ വിശ്വാസത്തിലൂന്നിയാണ് ഇന്നും ആളുകൾ ഇവിടേക്ക് എത്തുന്നത്.

ALSO READ: ബ്രഹ്മാവ് പ്രതിഷ്ഠിച്ച ക്ഷേത്രം; പിതൃമോക്ഷത്തിനായി മലബാറിലെ കാശിയിലേക്ക് പോകാം

ലക്ഷ്മണ തീർത്ഥം വെള്ളച്ചാട്ടം

സീതാദേവിയെ തേടിയുള്ള യാത്രയ്ക്കിടെ ദാഹിച്ച് വലഞ്ഞ ശ്രീരാമന് കുടിക്കാൻ ജലം തേടി ലക്ഷ്മണൻ ബ്രഹ്മഗിരി മലനിരകളുടെ ചുറ്റോറും നോക്കി. എവിടെയും വെള്ളം കാണാത്തതിനെത്തുടർന്ന് ലക്ഷ്മണൻ തൻ്റെ വില്ലെടുത്ത് ബ്രഹ്മഗിരി കുന്നുകളിലേക്ക് ഒരു അമ്പെയ്തുവത്രെ. ആ അമ്പ് തറച്ച ഭാഗത്തുനിന്ന് നീരൊഴുക്ക് ഉണ്ടാവുകയും അതിലൂടെ ശ്രീരാമൻ്റെ ദാഹം തീരുകയും ചെയ്തു എന്നാണ് വിശ്വാസം.

ലക്ഷ്മണൻ അമ്പെയ്തുണ്ടാക്കിയതിനാൽ ഈ അരുവി പിന്നീട് ലക്ഷ്മണ തീർത്ഥ നദി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് ഈ നദി 170 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് മനോഹരമായ ഇരുപ്പ് വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിലെ ജലത്തിന് ഔഷധ​ഗുണങ്ങളുണ്ടെന്നും പാപങ്ങൾ കഴുകിക്കളയാനുള്ള ശേഷിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം. അതിനാൽ തന്നെ ഇതിനെ പാപനാശിനി എന്നും വിളിക്കാറുണ്ട്.

ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ മറ്റൊരു ആകർഷണം പുരാതനമായ രാമേശ്വര ക്ഷേത്രമാണ്. ലക്ഷ്മണ തീർത്ഥ നദിയുടെ തീരത്തുള്ള ഈ ക്ഷേത്രത്തിലെ ശിവലിംഗം ശ്രീരാമൻ തന്നെ പ്രതിഷ്ഠിച്ചതാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ശിവരാത്രി നാളുകളിൽ ആയിരക്കണക്കിന് ഭക്തരാണ് പാപമുക്തിക്കായി ഇവിടെ എത്തുന്നത്.

യാത്രക്കാർ അറിയാൻ

ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായ ഈ പ്രദേശമാകെ നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതാണ്. യാത്രയ്ക്കിടയിൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് വന്യമൃഗങ്ങളെയും അപൂർവ്വയിനം പക്ഷികളെയും കാണാൻ സാധിക്കും. മഴക്കാലത്ത് ഈ വെള്ളച്ചാട്ടം അതിൻ്റെ പൂർണ്ണരൂപത്തിൽ ആർത്തലച്ചു താഴേക്ക് പതിക്കുന്നത് കാണാൻ വളരെ മനോഹരമാണ്. വയനാട് അതിർത്തിയിലുള്ള കുട്ട എന്ന സ്ഥലത്തുനിന്നും വെറും ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മാനന്തവാടിയിൽ നിന്നാണ് നിങ്ങൾ പോകുന്നതെങ്കിൽ ഏകദേശം 25 കിലോമീറ്റർ യാത്ര ചെയ്താൽ മതി. രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഇവിടുത്തെ സന്ദർശന സമയം.

 

തുണിയിൽ കറ പറ്റിയോ? മാറ്റാൻ ഇതൊന്ന് മതി
വയറിലെ ഗ്യാസ് മാറാൻ ഇഞ്ചി-തേൻ മാജിക്; ഇങ്ങനെ കുടിക്കൂ
ചാമ്പക്ക കൊണ്ടോരു കിടിലൻ ജാം എടുക്കട്ടേ?
ഈന്തപ്പഴവും നാരങ്ങയും അച്ചാറിടാം; 5 മിനിറ്റേ വേണ്ടൂ
ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റും മതിലും ഇടിച്ച് തകർത്തു
കാർ ഓവർടേക്ക് ചെയ്യുന്നു, ബൈക്കാണെങ്കിൽ ഓവർ സ്പീഡും, അപകടത്തിൻ്റെ വീഡിയോ
വയനാട് മേപ്പാടി കാപ്പംകൊല്ലിയിൽ കണ്ട പുലി
ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ഗുരുതരാവസ്ഥയിലായ ഉഷയെ ആശുപത്രിയിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല