Chennai Metro: ഡ്രൈവറില്ലാ മെട്രോ ഉടൻ, പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്
CM Vijay at Chennai Metro: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.
ചെന്നൈ: ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. പരിശോധനയുടെ ഭാഗമായി പോരൂരിൽ നിന്ന് പൂനമല്ലി ബൈപാസ് വരെയുള്ള റൂട്ടിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിലും അദ്ദേഹം പങ്കാളിയായി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.
പദ്ധതികൾ വിലയിരുത്തി മുഖ്യമന്ത്രി
നന്ദനത്തുള്ള ചെന്നൈ മെട്രോ റെയിൽ ആസ്ഥാനത്തെത്തിയ വിജയ്, ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ചു. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. നിലവിലുള്ള മെട്രോ പാതയ്ക്ക് മുകളിലൂടെ 101 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പാത മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു. കൺസ്ട്രക്ഷൻ ലിഫ്റ്റിൽ കയറി നിർമ്മാണ നിലവാരം പരിശോധിച്ചു.
പോരൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പൂനമല്ലി വരെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിലും മുഖ്യമന്ത്രി സഞ്ചരിച്ചു. റൂട്ടിലെ സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പൂനമല്ലി ബൈപാസ് – വടപളനി പാതയാണ് പൊതുജനങ്ങൾക്കായി ആദ്യം തുറന്നുകൊടുക്കുക.