Karnataka Coorg: സ്കോട്ട്ലൻഡ് കാണാൻ നേരെ കർണാടകയിലേക്ക് വിട്ടോ; യാത്ര പ്ലാൻ ചെയ്യേണ്ടത്
Scotland Of India Coorg Travel: കോടമഞ്ഞും, കാപ്പിതോട്ടങ്ങളും, വ്യൂ പോയിൻ്റും, മലനിരകളും എല്ലാം നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും സാധിക്കും. നിങ്ങൾ ഒറ്റദിവസത്തേക്കാണ് കൂർഗിലേക്ക് പോകുന്നതെങ്കിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.

Coorg
സ്കോട്ലൻഡിൽ പോകാനാകില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട. നമ്മുടെ രാജ്യത്തുമുണ്ട് അങ്ങനൊരു നാട്. അവധി ദിനങ്ങൾ ആനന്ദകരമാക്കാനും തിരക്കുകളിൽ നിന്നും മാറി സമയം ചെലവഴിക്കാനുമായി ആളുകൾ ഇരച്ചെത്തുന്ന മലയോര മേഖലയാണിത്. കർണാടകയിലെ കൂർഗ് അഥവാ കുടഗിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. മൺസൂണാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ ഏറ്റവും നല്ല സമയം. പ്രകൃതിയെ അതിൻ്റെ ഏറ്റവും പൂർണതയിൽ കാണാൻ സാധിക്കുക ഈ സീസണിലാണ്.
നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയമാണ് മൂടൽമഞ്ഞ് ഇവിടെ കാണാൻ കഴിയുന്നത്. കേരളത്തിൽ നിന്ന് അധികം ദുരമില്ലാത്തതിനാൽ ഒറ്റദിവസം കൊണ്ട് പോയി വരണമെന്ന് ആഗ്രഹിക്കുന്നവർക്കും കൂർഗിലേക്ക് പോകാനാകും. ഇനി അവിടെ താമസിച്ച് അവിടുത്തെ പ്രകൃതി ആസ്വദിക്കണമെന്നുള്ളവർക്ക് അതിനും സൗകര്യമുണ്ട്. കോടമഞ്ഞും, കാപ്പിതോട്ടങ്ങളും, വ്യൂ പോയിൻ്റും, മലനിരകളും എല്ലാം നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും സാധിക്കും. നിങ്ങൾ ഒറ്റദിവസത്തേക്കാണ് കൂർഗിലേക്ക് പോകുന്നതെങ്കിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.
ALSO READ: കേരളത്തിൻ്റെ സ്വന്തം കശ്മീർ; ശിക്കാര യാത്രയും ചെയ്യാം, മൂന്നാറിൻ്റെ ഭംഗി കാണാൻ ഒറ്റ ദിവസം മതി
ഇരുപ്പ് വെള്ളച്ചാട്ടം
കൂർഗിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇരുപ്പ് വെള്ളച്ചാട്ടം. ഇവിടേക്ക് മൺസൂൺ സമയത്ത് പോകുന്നതാണ് ഏറ്റവും രസകരം. ഉയരങ്ങളിൽ നിന്ന് പാൽപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ മഴക്കാലത്ത് ഒരു പ്രത്യേക ഭംഗിയാണ്. ബ്രഹ്മഗിരി മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം ഉൽഭവിക്കുന്നത്. വയനാട്-കൂർഗ് അതിർത്തിയായ കുട്ടയിൽ നിന്നും ഏകദേശം 9 കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്ഥലത്ത് എത്തിച്ചേരാനാകും. പ്രവേശന സമയം രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെയാണ് .
കുശാൽ നഗർ
ഗോൾഡൻ ടെമ്പിൾ എന്ന് ഒരുവട്ടമെങ്കിലും കേട്ടിട്ടുണ്ടാകും. അത് ഇവിടെയാണ്. ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ ഇവിടെ എത്തിയാൽ ഇവരുടെ ജീവിത രീതി, മറ്റ് സംസ്ക്കാരങ്ങൾ എന്നിവയെല്ലാം അടുത്തറിയാൻ സാധിക്കും. ഒപ്പം ടിബറ്റൻ ഭക്ഷണത്തിന്റെ രുചിയും. പരമ്പരാഗത ടിബറ്റൻ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ ചിത്രങ്ങളും ബുദ്ധ സന്യാസിമാരുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. കുശാൽ നഗറിൽ നിന്നും ചെറിയ ദൂരം മാത്രമേ ക്ഷേത്രത്തിലേക്കുള്ളൂ.
ദുബാരെ
കൂർഗിലാണ് ദുബാരെ എന്ന പേരിൽ പ്രശസ്തമായ ആനവളർത്തൽ കേന്ദ്രമുള്ളത്. കാവേരിയുടെ തീരത്ത് നിൽക്കുന്ന അതിമനോഹര സ്ഥലമാണിത്. മൈസൂർ രാജാക്കന്മാരുടെ കാലംമുതൽക്കെയുള്ള ആനവളർത്തൽ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളിൽ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്.
തലക്കാവേരി
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തലക്കാവേരി. ബ്രഹ്മഗിരി മലനിരകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പുണ്യനദിയായ കാവേരിയുടെ ഉത്ഭവസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 1276 മീറ്റർ ഉയരത്തിലാണിത് കാണപ്പെടുന്നത്.