World Contraception Day 2024 : സുരക്ഷിതമല്ലാത്ത ഗർഭഛിദ്രവും ലൈംഗികരോഗങ്ങളും തടയാം; ലോക ഗർഭനിരോധന ദിവസം നാളെ
World Contraception Day 2024 History : എല്ലാ വർഷവും സെപ്തംബർ 26ന് ലോക വ്യാപകമായി ഗർഭനിരോധന ദിനം ആചരിക്കുകയാണ്. ഗർഭനിരോധന മാർഗങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.
ലോക ഗർഭനിരോധന ദിവസം നാളെ, സെപ്തംബർ 26ന് ആചരിക്കും. എല്ലാ വർഷവും സെപ്തംബർ 26നാണ് ഈ ദിവസം ആചരിക്കുക. ജനസംഖ്യാ വർധനവിനെതിരെ ഗർഭനിരോധന മാർഗങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുകയാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം. ഈ ദിവസത്തിൽ ലോകവ്യാപകമായി ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികൾ നടത്തും.
ഗർഭനിരോധനത്തിന് വിവിധ മാർഗങ്ങളുണ്ട്. ഗർഭനിരോധന ഉറകളും ഗുളികകളും ഇഞ്ചക്ഷനുകളുമൊക്കെയാണ് നമ്മൾ ഇന്ത്യക്കാർക്ക് പരിചയമുള്ള മാർഗങ്ങൾ. എന്നാൽ, ഗർഭനിരോധന പാച്ചസും പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വന്ധീകരണവും തുടങ്ങി പലതരം മാർഗങ്ങൾ ഗർഭനിരോധനത്തിന് ഉപയോഗിക്കാറുണ്ട്. ഈ മാർഗങ്ങൾ കൂടുതൽ ആളുകളിലേക്കെത്തിച്ച് ബോധവത്കരണം നടത്തുകയാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം. കൗമാരക്കാരിലെ ഗർഭവും ഫാമിലി പ്ലാനിങും പ്രജനനാരോഗ്യവുമൊക്കെ ബോധവത്കരണത്തിൽ പെടും. ഗർഭനിരോധനത്തെപ്പറ്റിയും ലിംഗസമത്വത്തെപ്പറ്റിയുള്ളതുമായ തുറന്ന ചർച്ചകളും ഈ ദിവസം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. രൂപീകരണത്തിനുള്ള സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള അവകാശം’ എന്നാണ് ഈ വർഷത്തെ ആശയം. എല്ലാവർക്കും സ്വന്തം പ്രജനനാരോഗ്യം സംരക്ഷിക്കാനും കുടുംബാസൂത്രണം നടത്താനുമുള്ള അവകാശമുണ്ടെന്നതാണ് ഈ ആശയത്തിൻ്റെ ലക്ഷ്യം.
Also Read : World Pharmacists Day 2024: ഫാർമസിസ്റ്റുകൾക്ക് നന്ദി അറിയിക്കാനൊരു ദിവസം; ലോക ഫാർമസിസ്റ്റ് ദിവസം നാളെ
2007 മുതലാണ് ലോക ഗർഭനിരോധന ദിനം ആചരിക്കാൻ തുടങ്ങിയത്. 2007ൽ, ലോകമെമ്പാടുമുള്ള 10 കുടുംബാസൂത്രണ ഏജൻസികൾ ഗർഭനിരോധനത്തിൻ്റെ ആവശ്യകത അറിയിക്കുകയായിരുന്നു. കുട്ടികൾ ഉണ്ടാവുകയെന്നത് അവരവരുടെ തിരഞ്ഞെടുപ്പാണെന്നും ഈ ഏജൻസികൾ പ്രഖ്യാപിച്ചു. ഇതോടെയാണ് ഈ ദിവസം ലോകവ്യാപകമായി ആചരിക്കാൻ തുടങ്ങിയത്. യുഎന്നും ഇക്കാര്യത്തിന് പിന്തുണ നൽകി. ഇതേ കാര്യം 1994ൽ യുഎൻ പോപ്പുലേഷൻ ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. നാഫിസ് സാദിക്കും പറഞ്ഞിരുന്നു. ആരോഗ്യകരമായ കുടുംബം ചാൻസല്ല, ചോയിസ് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അവിചാരിത ഗർഭങ്ങൾ തടയുക എന്നതിനൊപ്പം ലൈംഗിക രോഗങ്ങൾ തടയുക എന്നതും ഗർഭനിരോധനം കൊണ്ട് സാധിക്കും. പങ്കാളികൾക്കിടയിലും അമ്മയിൽ നിന്ന് മക്കളിലേക്കുമൊക്കെ ലൈംഗികരോഗങ്ങൾ പടരാം. ഗർഭനിരോധനം കാരണം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളും കുറയും. ഗർഭനിരോധനമുണ്ടെങ്കിൽ അവിചാരിത ഗർഭധാരണം തടയുകയും അത് വഴി ഗർഭച്ഛിദ്രങ്ങൾ കുറയുകയും ചെയ്യും. ഗർഭച്ഛിദ്രവും ഒരു ചോയിസാണെങ്കിലും കൗമാര ഗർഭങ്ങൾ വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളിലേക്ക് വഴിതെളിക്കാറുണ്ട്. ഇത് ആരോഗ്യത്തെയും മോശമാക്കും. ഇതിൽ നിന്നൊക്കെ തടയാൻ ഗർഭനിരോധന മാർഗങ്ങൾക്ക് കഴിയും. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്.
നിലവിൽ ലോകത്ത് 25.7 കോടി സ്ത്രീകൾ സ്വന്തം ഇഷ്ടമില്ലാതെ ഗർഭം ധരിക്കുന്നുണ്ടെന്നാണ് കണക്ക്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇവരിൽ ചിലർ കരുതുമ്പോൾ ചിലർക്ക് ഇതേപ്പറ്റി ധാരണയില്ല. ഇതിനൊക്കെ മാറ്റം വരുത്താനുള്ള ശ്രമമാണ് ഓരോ വർഷവും നടക്കുന്നത്.