എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയുമധികം ഭാഷകൾ?
ഇന്ത്യയിലെ 100-ൽ 97 പേരുടെയും മാതൃഭാഷ ഈ 22-ൽ ഒന്നാണ്. ഇതിൽ ഏറ്റവും വലിയ ഭാഷ ഹിന്ദിയാണ്; ഉത്തരേന്ത്യയിൽ നോക്കിയാൽരാജ്യത്തെ ജനസംഖ്യയുടെ 44 ശതമാനത്തോളം പേർ വീട്ടിൽ ഹിന്ദി സംസാരിക്കുന്നവരാണ്, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകൾക്ക് ഓരോന്നും കോടിക്കണക്കിന് പേരുടെ സംസാര ഭാഷയാണ്. എന്നാൽ അതേ ഷെഡ്യൂളിലുള്ള സംസ്കൃതമാകട്ടെ, നൂറ്റമ്പത് കോടിയോളം വരുന്ന ജനങ്ങളിൽ ഏകദേശം 25,000 പേർ മാത്രമാണ് സ്വന്തം മാതൃഭാഷയായി രേഖപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം
രാജ്യത്ത് നടന്ന കഴിഞ്ഞ സെൻസസിൽ ഒരു ലളിതമായ ചോദ്യമുണ്ടായിരുന്നു “നിങ്ങൾ വീട്ടിൽ സംസാരിക്കുന്ന ഭാഷയേതാണ്? ലഭിച്ച മറുപടികൾ 19,569 എണ്ണമായിരുന്നു. ഇത് 19,569 ആളുകളല്ല, എല്ലാം മാതൃഭാഷയുടെ 19,569 വ്യത്യസ്ത പേരുകളായിരുന്നു. പ്രാദേശിക വകഭേദങ്ങൾ, നാട്ടുഭാഷകൾ, ഗ്രാമങ്ങളിൽ മനുഷ്യർ സ്വന്തം സംസാരരീതിയെ സ്വയം വിളിച്ച പേരുകൾ തുടങ്ങി വൈവിധ്യങ്ങൾ അനവധിയുണ്ടായിരുന്നു. വർഷങ്ങളോളം ഉദ്യോഗസ്ഥർ തന്നെ ഈ പട്ടിക പരിശോധിച്ച്, ഏതൊക്കെയാണ് യഥാർത്ഥ ഭാഷകൾ, ഏതൊക്കെയാണ് ഒരേ ഭാഷയുടെ തന്നെ പ്രാദേശിക പേരുകൾ എന്നിങ്ങനെ കണ്ടെത്തി വേർതിരിച്ചു. പ്രക്രിയ പൂർത്തിയായപ്പോൾ, അവശേഷിച്ചത് 1,369 മാതൃഭാഷകളായിരുന്നു. ഒടുവിൽ, കുറഞ്ഞത് പതിനായിരം പേരെങ്കിലും സംസാരിക്കുന്ന 121 പ്രധാന ഭാഷകളായി അവയെ പുനഃക്രമീകരിച്ചു.
22 എണ്ണത്തിന് ഭരണഘടന പദവി
121 ഭാഷകളിൽ 22 എണ്ണത്തിന് പ്രത്യേക ഭരണഘടനാ പദവിയുണ്ട്. ഇവ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ 100-ൽ 97 പേരുടെയും മാതൃഭാഷ ഈ 22-ൽ ഒന്നാണ്. ഇതിൽ ഏറ്റവും വലിയ ഭാഷ ഹിന്ദിയാണ്; ഉത്തരേന്ത്യയിൽ നോക്കിയാൽരാജ്യത്തെ ജനസംഖ്യയുടെ 44 ശതമാനത്തോളം പേർ വീട്ടിൽ ഹിന്ദി സംസാരിക്കുന്നവരാണ്, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകൾക്ക് ഓരോന്നും കോടിക്കണക്കിന് പേരുടെ സംസാര ഭാഷയാണ്. എന്നാൽ അതേ ഷെഡ്യൂളിലുള്ള സംസ്കൃതമാകട്ടെ, നൂറ്റമ്പത് കോടിയോളം വരുന്ന ജനങ്ങളിൽ ഏകദേശം 25,000 പേർ മാത്രമാണ് സ്വന്തം മാതൃഭാഷയായി രേഖപ്പെടുത്തിയത്. നിത്യജീവിതത്തിലെ ഉപയോഗത്തേക്കാൾ ചടങ്ങുകളിലും വേദഗ്രന്ഥങ്ങളിലുമാണ് അത് ഇന്നും നിലനിൽക്കുന്നത്.
ദേശീയ ഭാഷയില്ല
പലരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ഇന്ത്യക്ക് ഭരണഘടനാപരമായി പ്രഖ്യാപിക്കപ്പെട്ട ഒരു ദേശീയഭാഷ’ ഇല്ല. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാൻ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകൾ മാത്രമാണ് ഹിന്ദിയും ഇംഗ്ലീഷും. ഒരു കോടിയിലേറെ ജനങ്ങളുടെ ഏക ഭാഷയായി ഒന്നിനെ പ്രഖ്യാപിക്കുന്നതിൽ നിന്ന് ഭരണഘടന ബോധപൂർവ്വം തന്നെ വിട്ടുനിന്നു.
ഭൂമിശാസ്ത്രമാണ് ഒരു പരിധിവരെ
ഭൂമിശാസ്ത്രമാണ് ഒരു പരിധിവരെ ഇതിന് കാരണം . പല രാജ്യങ്ങളെയും പോലെ ഒരൊറ്റ കേന്ദ്രത്തിൽ നിന്ന് ഉൾവലിഞ്ഞ് വളർന്നതല്ല ഇന്ത്യ. നദീതടങ്ങൾ, തീരദേശങ്ങൾ, മലനിരകൾ, പീഠഭൂമികൾ എന്നിങ്ങനെ ഒരേസമയം പലയിടങ്ങളിലായി അത് വികസിച്ചു. റോഡുകളോ തീവണ്ടികളോ റേഡിയോയോ ബന്ധിപ്പിക്കുന്നതിന് മുൻപ് നൂറ്റാണ്ടുകളോളം ഓരോ ജനവിഭാഗവും സ്വന്തം ഭാഷ രൂപപ്പെടുത്തി.
മറ്റൊരു കാരണം ചരിത്രത്തിന്റെ അടരുകളാണ്. വടക്കുനിന്നും പടിഞ്ഞാറുനിന്നും സംസ്‌കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭാഷകൾ പടർന്നു. ദക്ഷിണേന്ത്യയിൽ സംസ്‌കൃതത്തേക്കാൾ പൗരാണികമായ ദ്രാവിഡ ഭാഷകൾ വേരുറപ്പിച്ചു. കച്ചവടക്കാരും അധിനിവേശകരും മിഷനറിമാരും കുടിയേറ്റക്കാരും പേർഷ്യൻ, അറബിക്, പോർച്ചുഗീസ്, ഇംഗ്ലീഷ് വാക്കുകളെയും പുതിയ ഭാഷകളെയും ഇവിടേക്ക് ചേർത്തുവെച്ചു. ഇതാരും ആസൂത്രണം ചെയ്ത് നിർമ്മിച്ചതല്ല; ഒരു നദി തൊട്ടുപോകുന്ന തീരങ്ങളിൽ നിന്നെല്ലാം എക്കൽ ശേഖരിക്കുന്നതുപോലെ സ്വാഭാവികമായി രൂപപ്പെട്ടതാണ്.
സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണ്ണയിച്ചപ്പോൾ,
1956-ൽ സംസ്ഥാനങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിച്ചപ്പോൾ, ഭാഷ അടിസ്ഥാനമാക്കിയാണ് അത് ചെയ്തത്. തെലുങ്ക് സംസാരിക്കുന്നവർക്ക് തെലുങ്കും, തമിഴ് സംസാരിക്കുന്നവർക്ക് തമിഴും കേന്ദ്രമാക്കി സംസ്ഥാനങ്ങൾ ലഭിച്ചു. ഇതൊരു വെറും ഭരണപരിഷ്കാരം മാത്രമായിരുന്നില്ല. സ്വന്തം ഭാഷയിൽ സംസാരിക്കുന്ന ഒരു ഭരണസംവിധാനം ജനങ്ങൾക്ക് കൂടുതൽ ഗുണകരമാകും എന്ന കാഴ്ചപ്പാടും ഉണ്ടായിരുന്നു. ദശാബ്ദങ്ങൾക്ക് ശേഷം ഭാഷാശാസ്ത്രജ്ഞർ പോലും ആ പരീക്ഷണത്തെ വിജയമെന്ന് വിളിക്കുന്നു. ഇന്ത്യയെപ്പോലുള്ള ഒരു ബഹുഭാഷാ രാജ്യം ഭാഷാ ഭിന്നതകളുടെ പേരിൽ തകർന്നുപോകാതിരുന്നതിന് പ്രധാന കാരണവും ഇതുതന്നെയാണ്.
ഭാഷാ തർക്കങ്ങൾ
ഇന്ത്യയിൽ ഭാഷാ തർക്കങ്ങൾ ഇല്ല എന്ന് മേൽ സൂചിപ്പിച്ചതിന് അർഥമില്ല. ചെന്നൈയിലോ കൊഹിമയിലോ ഉള്ള ഒരു കുട്ടി സ്കൂളിൽ എത്രത്തോളം ഹിന്ദി പഠിക്കണം, സർക്കാർ ജോലികൾക്ക് ഇംഗ്ലീഷിന് എത്ര പ്രാധാന്യം നൽകണം, അല്ലെങ്കിൽ ദേശീയതലത്തിലെ ചർച്ചകളിൽ പ്രാദേശിക ഭാഷകൾ അവഗണിക്കപ്പെടുന്നുണ്ടോ എന്നതിനെച്ചൊല്ലി ഇടയ്ക്കിടെ വലിയ തർക്കങ്ങൾ ഇവിടെ ഉയരാറുണ്ട്. ഇവ ചഇന്നും തുടരുന്ന സംവാദങ്ങളാണ്.
ഒരൊറ്റ ഉത്തരം കണ്ടെത്തുക അസാധ്യം
യൂറോപ്പിൻ്റെ വലിപ്പമുള്ള ഒരു ഭൂപ്രദേശത്ത്, നൂറുകോടിയിലധികം മനുഷ്യർ സംസാരിക്കുന്ന, ഭരണഘടനയാൽ സംരക്ഷിക്കപ്പെടുന്ന 22 ഭാഷകൾ ഉൾപ്പെടെ 121 പ്രധാന ഭാഷകൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് എല്ലാവരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരൊറ്റ ഉത്തരം കണ്ടെത്തുക അസാധ്യമാണ്. ഇന്ത്യയിൽ ഒരു ഭാഷാപ്രശ്നം ഉണ്ടാകുമോ എന്നതല്ല ചോദ്യം; അധികാരം അടിച്ചേൽപ്പിച്ചുകൊണ്ടല്ലാതെ, വിട്ടുവീഴ്ചകളിലൂടെയും ഫെഡറൽ സംവാദങ്ങളിലൂടെയും ഇതുവരെ ചെയ്തതുപോലെ ഇനിയും ആ പ്രശ്നത്തെ പരിഹരിച്ചു മുന്നോട്ട് പോകാൻ രാജ്യത്തിന് കഴിയുമോ എന്നതാണ്.
അടുത്ത തവണ ഒരു ദീർഘദൂര ട്രെയിൻ യാത്രയിൽ, ഒരു സംസ്ഥാനത്തിന്റെ അതിർത്തി കടക്കുമ്പോൾ അനൗൺസ്മെന്റുകളുടെ ഭാഷ മാറുന്നത് ശ്രദ്ധിക്കുക. ആ മാറ്റം ഒരു ആശയക്കുഴപ്പമല്ല; മറിച്ച്, പരസ്പരം ഉൾക്കൊള്ളാനും ഇടംനൽകാനും ഈ രാജ്യം എല്ലാവരോടും നിശബ്ദമായി സമ്മതിക്കുന്നതിന്റെ ശബ്ദമാണത്.