AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യാത്ര ആരംഭിച്ച് മൂന്ന് ദിവസമായാലും ട്രെയിൻ രാജ്യം വിട്ടു പോകില്ല; ഇന്ത്യയ്ക്ക് അത്രയ്ക്ക് വലുപ്പമുണ്ട്?

സന്തോഷ് നായർ പറയുന്നു, ഇന്ത്യയുടെ വലുപ്പം ഒരിക്കലും അതിൻ്റെ ചതുരശ്ര കിലോമീറ്ററുകളോ ജനസംഖ്യാ കണക്കോ അല്ല. ഒരു നയം രാജ്യത്തിൻ്റെ വിവിധ മേഖലയിൽ വിവിധ ഇടങ്ങളിലുള്ളവർക്ക് ഓരേ പോലെ അനുയോജ്യവും സ്വീകാര്യമാകുന്നതുമാണ് ഇന്ത്യയുടെ യഥാർഥ വലുപ്പം. പണത്തെക്കുറിച്ചോ റോഡുകളെക്കുറിച്ചോ ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്നതിനെക്കുറിച്ചോ ഈ രാജ്യം എടുക്കുന്ന ഓരോ വലിയ തീരുമാനത്തിന് ആ വലുപ്പം അതിജീവിക്കാൻ സാധിക്കണം

യാത്ര ആരംഭിച്ച് മൂന്ന് ദിവസമായാലും ട്രെയിൻ രാജ്യം വിട്ടു പോകില്ല; ഇന്ത്യയ്ക്ക് അത്രയ്ക്ക് വലുപ്പമുണ്ട്?
Representational ImageImage Credit source: PTI
Santosh Nair
Santosh Nair | Edited By: Jenish Thomas | Updated On: 14 Sep 2026 | 01:34 PM

രാജ്യത്തിൻ്റെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഢ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ട്രെയിൻ യാത്ര പുറപ്പെടുന്നു. ആ ട്രെയിൻ്റെ പേര് വിവേക് എക്സ്പ്രസ്. നിങ്ങൾ ആ ട്രെയിനിൽ കയറി അവസാന സ്റ്റേഷൻ വരെ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് അതിനുള്ളിൽ കിടന്നുറങ്ങേണ്ടി വരും, ഭക്ഷണം കഴിക്കേണ്ടി വരും, പുറത്തെ കാഴ്ചകളും ഭൂപ്രകൃതിയും മൂന്നോ നാലോ തവണ മാറിമറിയുന്നത് കാണേണ്ടി വരും. മൂന്ന് ദിവസത്തിലേറെ നീളുന്ന യാത്രയ്ക്കൊടുവിൽ നിങ്ങൾ ട്രെയിൻ ഇറങ്ങുന്നത് അപ്പോഴും ഇന്ത്യയിൽ തന്നെയാണ്. ഇന്ത്യയുടെ ഭൂപടത്തിലെ കരഭാഗം അവസാനിക്കുന്ന ഏറ്റവും തെക്കേ അറ്റത്തുള്ള കന്യാകുമാരിയിൽ എത്തുന്നതിന് മുമ്പ് ഈ ട്രെയിൻ ഏകദേശം 4,200 കിലോമീറ്റർ ദൂരവും കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളും പിന്നിടുന്നു.

ഇന്ത്യ വലുതാണെന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ അതിൻ്റെ യാഥാർഥ്യം എന്താണെന്ന് ചിന്തിച്ചു നോക്കുന്നവർ വളരെ ചുരുക്കമാണ്. അതുകൊണ്ട് നമുക്കതൊന്ന് ആഴത്തിൽ ചിന്തിച്ചു നോക്കാം.

ഇന്ത്യയുടെ വലുപ്പം

ഇന്ത്യ ഏകദേശം 32.9 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ആ വിസ്തൃതിക്കുള്ളിൽ 140 കോടിയിലധികം ആളുകൾ ജീവിക്കുന്നു — കൃത്യമായ എണ്ണം ആർക്കുമറിയില്ല, കാരണം 2011 ന് ശേഷം രാജ്യത്ത് സെൻസെസ് നടന്നിട്ടില്ല. അതിനാൽ നിലവിലുള്ള ഓരോ കണക്കും യഥാർഥ്യമല്ല അനുമാനങ്ങൾ മാത്രമാണ്. ഈ അനുമാനം പോലും മനസ്സിൽ ഉൾക്കൊള്ളുക എന്നതും അസാധ്യമാണ്. അതിനാൽ നമ്മൾ നേരത്തെ ബജറ്റിന്റെ കാര്യത്തിൽ ചെയ്തതുപോലെ ഈ ചോദ്യത്തെ അല്പം ചെറുതാക്കി നോക്കാം. ഒരു നിമിഷത്തേക്ക് മുഴുവൻ രാജ്യത്തെയും മറക്കുക. ഒരൊറ്റ സംസ്ഥാനത്തേക്ക് മാത്രം നോക്കുക.

ഉത്തർപ്രദേശ്, യുറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നീ രാഷ്ട്രങ്ങളുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ ഇവിടെ ജീവിക്കുന്നുണ്ട്. അതായത് ഒരൊറ്റ ഇന്ത്യൻ സംസ്ഥാനം, മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ. അങ്ങനെ നോക്കുമ്പോൾ ഇവിടെ ഉത്തർപ്രദേശ് തന്നെയാണ് മുന്നിൽ.

മഞ്ഞുമലകൾ മുതൽ മരുഭൂമികളും മഴക്കാടുകളും ഇരട്ട തീരദേശങ്ങളും വരെ വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്ത്, 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനം മാത്രമാണ് ഉത്തർപ്രദേശ്. ചെറു സംസ്ഥാനങ്ങളിലൊന്നായ ഗോവയെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനുള്ളിൽ ഏകദേശം തൊണ്ണൂറോളം തവണ ഉൾക്കൊള്ളിക്കാൻ സാധിക്കും.

ജനക്കൂട്ടവുമായി യാതൊരു ബന്ധവുമില്ലാത്ത, ഈ ഭീമാകാരമായ വലുപ്പം അനുഭവിക്കാൻ മറ്റൊരു വഴികൂടിയുണ്ട്. കിഴക്ക് നിന്ന് പടിഞ്ഞാറിലേക്ക് ഇന്ത്യ അത്രയധികം വ്യാപിച്ചുകിടക്കുന്നു; അരുണാചൽ പ്രദേശിൽ സൂര്യനുദിക്കുമ്പോൾ, രണ്ട് മണിക്കൂർ പുറകിലുള്ള ഗുജറാത്തിൽ ഇപ്പോഴും ഇരുട്ടായിരിക്കാം. മിക്ക വലിയ രാജ്യങ്ങളും ഒന്നിലധികം സമയ മേഖലകൾ (Time Zones) ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. റഷ്യയ്ക്ക് പതിനൊന്നും അമേരിക്കയ്ക്ക് ആറുമുണ്ട്. എന്നാൽ ഇന്ത്യ, മനഃപൂർവ്വം ഒരൊറ്റ ടൈം സോൺ മാത്രമാണ് പിന്തുടരുന്നത്. അസമിലെ തേയിലത്തോട്ടത്തിലെ തൊഴിലാളിയും ഗുജറാത്തിലെ കച്ചിലെ കർഷകനും തങ്ങളുടെ തലയ്ക്ക് മുകളിലുള്ള ആകാശം രണ്ട് വേറിട്ട സമയങ്ങൾ പറയുമ്പോഴും ഒരേ ഘടികാരത്തിലെ സമയമാണ് നോക്കുന്നത്.

“വലുത്” എന്ന് നമ്മൾ കേട്ടു ശീലിച്ച മറ്റൊരു ഭൂപ്രദേശവുമായി ഇന്ത്യയെ താരതമ്യം ചെയ്തു നോക്കാം. യൂറോപ്യൻ യൂണിയനിൽ 45 ലക്ഷം ചതുരശ്ര കിലോമീറ്ററിലായി ഏകദേശം 45 കോടി ആളുകളുണ്ട്. എന്നാൽ ഇന്ത്യ അതിനേക്കാൾ ചെറിയ വിസ്തൃതിക്കുള്ളിൽ അതിന്റെ മൂന്നിലധികം മടങ്ങ് ആളുകളെ ഉൾക്കൊള്ളുന്നു. യൂറോപ്പ് നമ്മൾ പല രാജ്യങ്ങളായി കാണുന്നതുകൊണ്ടാണ് നമുക്കത് വളരെ വലുതായി തോന്നുന്നത്. ഇന്ത്യ എന്നാൽ ആ രാജ്യങ്ങളിലുള്ള മുഴുവൻ ആളുകളും ഒരൊറ്റ രാജ്യത്തിനുള്ളിൽ ജീവിക്കുന്നതാണ്.

ഇതൊരു ഭൂമിശാസ്ത്ര പഠനമല്ല.

ശരിക്കും ഭാവനയിൽ കാണാതെ ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ എത്ര എളുപ്പമാണെന്നതിന്റെ ഒരു പാഠമാണിത്. ഒരേ കാലാവസ്ഥയും ഒരേ ഭാഷയും ഒരേ താളവുമുള്ള ഒരു ഒറ്റ സ്ഥലം എന്ന രീതിയിൽ “നമ്മുടെ രാജ്യം” എന്ന് നമ്മൾ വളരെ ലളിതമായി പറയാറുണ്ട്. എന്നാൽ അതൊരിക്കലും അങ്ങനെയല്ല. ഡൽഹിയിൽ തയാറാക്കുന്ന ഒരു നയം ഒരേ ദിവസം, ഒരേ നിയമത്തിന് കീഴിൽ ഒഡീഷ തീരത്തെ മീൻപിടുത്തക്കാരനും ബംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കും ലാഡാക്കിലെ ഇടയനും അസമിലെ തേയിലത്തൊഴിലാളിക്കും ഒരുപോലെ അനുയോജ്യമാകേണ്ടതുണ്ട്.

അതാണ് ഇന്ത്യയുടെ യഥാർഥ വലുപ്പം. ചതുരശ്ര കിലോമീറ്ററുകളോ ജനസംഖ്യാ കണക്കോ അല്ല അത്. ഒരൊറ്റ രാജ്യമായി നിലകൊള്ളുമ്പോൾ തന്നെ ഒരു പൗരന്റെ പ്രഭാതവും മറ്റൊരു പൗരന്റെ പ്രഭാതവും തമ്മിലുള്ള ദൂരമാണത്.

ആ അകലം അപമാനകരമായ ഒരു പോരായ്മയല്ല. അതാണ് ഈ നാടിന്റെ യഥാർത്ഥ ഘടന. പണത്തെക്കുറിച്ചോ റോഡുകളെക്കുറിച്ചോ ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്നതിനെക്കുറിച്ചോ ഈ രാജ്യം എടുക്കുന്ന ഓരോ വലിയ തീരുമാനത്തിനും ആ ദൂരത്തെ അതിജീവിക്കാൻ സാധിക്കണം, ഇല്ലെങ്കിൽ ഡൽഹിയിലുള്ള ആരും സന്ദർശിക്കാത്ത ഏതോ ഒരു സംസ്ഥാനത്ത് അത് മിണ്ടാതെ പരാജയപ്പെടും.

വിവേക് എക്സ്പ്രസ് കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കുമ്പോൾ, യാത്രക്കാർ ഭൂപടത്തിന്റെ ഏറ്റവും അറ്റത്തുള്ള മണ്ണിലേക്ക് ഇറങ്ങുന്നു. ഒരൊറ്റ രാജ്യത്തിലൂടെ അവർ മൂന്ന് ദിവസമാണ് യാത്ര ചെയ്തത്. നമ്മളിൽ ഭൂരിഭാഗവും ആ ട്രെയിനിൽ കയറി യാത്ര ചെയ്തിട്ടുണ്ടാകില്ല. എന്നാൽ എന്നെങ്കിലും ഒരിക്കലെങ്കിലും ഈ രാജ്യത്തിന്റെ വലിപ്പം കൃത്യമായി തിരിച്ചറിയാൻ, വടക്കുകിഴക്കൻ കോണിൽ നിന്ന് തെക്കേ അറ്റം വരെ ഭൂപടത്തിൽ വിരലോടിച്ചുകൊണ്ട് ആ വഴി ഒന്നടയാളപ്പെടുത്താൻ നമ്മൾ തയ്യാറാകണം.

കണക്കുകൾ മാറ്റിവെച്ചാൽ, ഇവിടെ ഉയരുന്ന യഥാർത്ഥ ചോദ്യം ഇതാണ്

ഇന്ത്യ ഇത്രയും വിശാലവും, വൈവിധ്യപൂർണ്ണവും, ഒരൊറ്റ മനസ്സിൽ ഒതുക്കാൻ പ്രയാസമുള്ളതുമാണെങ്കിൽ — “ഇന്ത്യ ആഗ്രഹിക്കുന്നു” എന്നോ “ഇന്ത്യ വിശ്വസിക്കുന്നു” എന്നോ “ഇന്ത്യ ചെയ്യും” എന്നോ ആരോടെങ്കിലും പറയുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം എന്താണ്?

അവർ ആരുടെ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്?

Follow Us