AI Trends 2026: എഐയോട് മര്യാദ വേണ്ട; അധിക്ഷേപിച്ചാൽ ചാറ്റ്ബോട്ട് മികച്ച ഫലം നൽകുമെന്ന് പഠനം
AI performance improves with rude prompts: മുൻ പഠനങ്ങളിൽ ഇതിനു വിരുദ്ധമായാണ് കണ്ടത്. റൈക്കെൻ, വാസെഡ സർവകലാശാലകൾ നടത്തിയ പഠനത്തിൽ പരുഷമായ ചോദ്യങ്ങൾ എഐയുടെ പ്രകടനത്തെ തകർക്കുമെന്നാണ് കണ്ടെത്തിയിരുന്നത്.

കുട്ടികളോടും മുതിർന്നവരോടും മാന്യമായി സംസാരിക്കണമെന്ന് പഠിപ്പിക്കുന്ന നമ്മൾ, ചാറ്റ്ബോട്ടുകളോടും ആ ശീലം തുടരാറുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് (AI) നിങ്ങൾ എത്രത്തോളം പരുഷമായി പെരുമാറുന്നുവോ, അത്രത്തോളം കൃത്യമായ മറുപടി ലഭിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരാണ് ഈ കൗതുകകരമായ കണ്ടെത്തലിന് പിന്നിൽ.

ചാറ്റ്‍ജിപിടിയുടെ ഏറ്റവും പുതിയ '4o' മോഡൽ ഉപയോഗിച്ചായിരുന്നു ഗവേഷണം. വിവിധ വിഷയങ്ങളിലുള്ള 50 യഥാർത്ഥ ചോദ്യങ്ങൾ അഞ്ച് വ്യത്യസ്ത ശൈലികളിലായി ഗവേഷകർ അവതരിപ്പിച്ചു.

ഗവേഷണ ഫലങ്ങൾ വിശകലനം ചെയ്തപ്പോൾ മാന്യതയേക്കാൾ പരുഷതയ്ക്കാണ് എഐ കൂടുതൽ മാർക്ക് നൽകിയത്. ഏറ്റവും മാന്യമായ ഭാഷയ്ക്ക് കൃത്യത 75.8% മാത്രമാണ്. സാധാരണ മാന്യമായ ഭാഷയ്ക്ക് കൃത്യത 80.8%. പരുഷമായ ഭാഷ കൃത്യത 84.8% എന്നിങ്ങനെയാണ്.

ചുരുക്കത്തിൽ, എഐയെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങൾ കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ ചാറ്റ്ബോട്ടിനെ പ്രേരിപ്പിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻ പഠനങ്ങളിൽ ഇതിനു വിരുദ്ധമായാണ് കണ്ടത്. റൈക്കെൻ, വാസെഡ സർവകലാശാലകൾ നടത്തിയ പഠനത്തിൽ പരുഷമായ ചോദ്യങ്ങൾ എഐയുടെ പ്രകടനത്തെ തകർക്കുമെന്നാണ് കണ്ടെത്തിയിരുന്നത്. പോസിറ്റീവായ ഭാഷ എഐയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും, പ്രത്യേകിച്ച് ഗണിതശാസ്ത്രപരമായ കാര്യങ്ങളിൽ മാന്യമായ സമീപനമാണ് നല്ലതെന്നുമാണ് ഗൂഗിൾ മുൻപ് അവകാശപ്പെട്ടത്.