Asia Cup 2025: ‘സൂര്യകുമാർ യാദവ് എടുത്തത് നല്ല തീരുമാനം’; റണ്ണൗട്ട് അപ്പീൽ പിൽവലിച്ചതിനെ അനുകൂലിച്ച് രഹാനെ
Ajinkya Rahane About Run Out Controversy: ഏഷ്യാ കപ്പിൽ റണ്ണൗട്ട് അപ്പീൽ പിൻവലിച്ചത് ശരിയായ തീരുമാനമെന്ന് അജിങ്ക്യ രഹാനെ. യുഎഇ താരം ജുനൈദ് സിദ്ധിഖിനെതിരായ റണ്ണൗട്ടാണ് ഇന്ത്യ പിൻവലിച്ചത്.

ഏഷ്യാ കപ്പിൽ യുഎഇ താരം ജുനൈദ് സിദ്ധിഖിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ചതിനെ അനുകൂലിച്ച് അജിങ്ക്യ രഹാനെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീം മാനേജ്മെൻ്റും എടുത്തത് നല്ല തീരുമാനമാണെന്ന് രഹാനെ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. (Image Credits- PTI)

"ക്യാപ്റ്റൻ സൂര്യയുടെയും ടീം ഇന്ത്യയുടെയും നല്ല ഒരു തീരുമാനമായിരുന്നു അത്. കാരണം, ജുനൈദ് റണ്ണിനായി ശ്രമിക്കുകയായിരുന്നില്ല. ക്രീസ് എവിടെയായിരുന്നു എന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല."- തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ രഹാനെ പ്രതികരിച്ചു.

"വിക്കറ്റ് കീപ്പറായാലും ഫീൽഡറായാലും കയ്യിൽ പന്ത് വരുമ്പോൾ സ്റ്റമ്പ് എറിഞ്ഞുവീഴ്ത്താൻ തോന്നും. പക്ഷേ, ഇന്ത്യ എടുത്ത തീരുമാനം നന്നായി. നല്ല സ്വഭാവവും സ്പോർട്സ്മാൻ സ്പിരിറ്റും കാണിച്ചു. അതാണ് ക്രിക്കറ്റിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും."- അദ്ദേഹം തുടർന്നു.

യുഎഇ ഇന്നിംഗ്സിനിടെ സഞ്ജു സാംസണാണ് റണ്ണൗട്ട് നേടിയെടുത്തത്. ശിവം ദുബേയുടെ ഓവറിൽ ബാറ്റ് ചെയ്യുന്നതിനിടെ ബാറ്റർ ജുനൈദ് സിദ്ധിഖ് അലക്ഷ്യമായി ക്രീസിന് പുറത്തുനിന്നപ്പോൾ സഞ്ജു വിക്കറ്റിന് പിന്നിൽ നിന്ന് നേരിട്ട് സ്റ്റമ്പിൽ എറിഞ്ഞ് കൊള്ളിക്കുകയായിരുന്നു.

തേർഡ് അമ്പയറിന് തീരുമാനം വിട്ടപ്പോൾ അത് വിക്കറ്റാണെന്ന് വ്യക്തമായെങ്കിലും സൂരൂകുമാർ യാദവ് അപ്പീൽ പിൻവലിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 57 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 4.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു.