Asia Cup 2025: ‘ഇന്ത്യ മഹാമോശം, ഇനിയൊരിക്കലും അവർക്കെതിരെ കളിക്കില്ലെന്ന് പാകിസ്താൻ പറയണം’: പ്രതികരിച്ച് കമ്രാൻ അക്മൽ
Kamral Akmal About India vs Pakistan: ഇന്ത്യക്കെതിരെ പാകിസ്താൻ ഒരിക്കലും കളിക്കരുതെന്ന് മുൻ താരം കമ്രാൻ അക്മൽ. ഇക്കാര്യം ഇന്ത്യയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പ് വിവാദങ്ങളിൽ പ്രതികരിച്ച് പാകിസ്താൻ്റെ മുൻ താരം കമ്രാൻ അക്മൽ. ഇന്ത്യ മോശം രീതിയിലാണ് പെരുമാറിയതെന്നും ഇനിയൊരിക്കലും അവർക്കെതിരെ കളിക്കില്ലെന്ന് പാകിസ്താൻ പറയണമെന്നും അക്മൽ ആവശ്യപ്പെട്ടു. ചാനൽ ചർച്ചക്കിടെയാണ് പ്രതികരണം. (Image Credits- PTI)

"ഇന്ത്യക്കെതിരെ ഒരിക്കലും കളിക്കില്ലെന്ന് ഉടൻ തന്നെ പാകിസ്താൻ ബോർഡ് അറിയിക്കണം. എന്ത് നടപടിയാണ് ഐസിസി എടുക്കുക എന്നറിയണം. ഇതിലധികം വേറെന്ത് തെളിവുകളാണ് നിങ്ങൾക്ക് വേണ്ടത്. ജയ് ഷാ എന്തെങ്കിലും നടപടിയെടുക്കുമോ?"- അക്മൽ ചോദിച്ചു.

"മറ്റ് ബോർഡുകൾ ഒരുമിക്കണം. ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിൽ അനുവദിക്കാനാവില്ലെന്ന് പറയണം. ആരുടെയും വീട്ടിലല്ല ക്രിക്കറ്റ് കളിക്കുന്നത്. മറ്റ് ടീമുകൾ അവർക്കെതിരെ കളിച്ചില്ലെങ്കിൽ അവർക്ക് പണം വരാൻ പോകുന്നില്ല."- എആർവൈ ന്യൂസുമായുള്ള ചർച്ചക്കിടെ അദ്ദേഹം പറഞ്ഞു.

"എത്രയും പെട്ടെന്ന് കാര്യങ്ങൾ നിയന്ത്രിച്ചാൽ എല്ലാവർക്കും നല്ലതാണ്. പാകിസ്താനെയും ഇന്ത്യയെയും ഒഴിവാക്കി ഒരു സമിതിയ്ക്ക് രൂപം നൽകുക. ഇത്തരം ടൂർണമെൻ്റുകളിൽ ഇങ്ങനെ സംഭവിച്ചാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഈ സമിതി തീരുമാനിക്കട്ടെ."- അദ്ദേഹം തുടർന്നു.

ഏഷ്യാ കപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിന് ശേഷം എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. ട്രോഫി ഇല്ലാതെയാണ് ടീം ഇന്ത്യ ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്.