Asia Cup 2025: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത; പാകിസ്താനെതിരായ മത്സരത്തിൻ്റെ സാധ്യതാ ഇലവൻ
India Predicted 11 vs Pakistan: ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുകയാണ്. മത്സരത്തിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ പരിശോധിക്കാം.

പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയേക്കും. ഒമാനെതിരായ ഇലവനിൽ നിന്ന് രണ്ട് താരങ്ങളെ മാറ്റി പകരം മറ്റ് രണ്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണുള്ളത്. മത്സരത്തിൻ്റെ സാധ്യതാ ഇലവൻ പരിശോധിക്കാം. (Image Credits- PTI)

ഒമാനെതിരെ ഇന്ത്യ ഇറങ്ങിയത് പാകിസ്താനെതിരെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ്. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ഹർഷിത് റാണയും അർഷ്ദീപ് സിംഗുമാണ് പകരം കളിച്ചത്. ഈ രണ്ട് പേർ ഇന്നത്തെ കളി പുറത്തിരിക്കും.

സൂപ്പർ ഫോർ ഉറപ്പിച്ചതിനാലും ദുർബല എതിരാളികൾ ആണ് എന്നതിനാലും ഒമാനെതിരെ ടീമിലെ മറ്റ് താരങ്ങൾക്ക് അവസരം കൊടുക്കുകയായിരുന്നു ഇന്ത്യ. സഞ്ജു മൂന്നാം നമ്പറിലും ഹാർദിക് നാലാം നമ്പറിലും ഇറങ്ങിയതും തിലക് വർമ്മ ഉൾപ്പെടെ പന്തെറിഞ്ഞതും ഇതിന് ഉദാഹരണമാണ്.

ഇന്നത്തെ കളി നിർണായകമാണ്. പാകിസ്താനെതിരെ സൂപ്പർ ഫോർ മത്സരമാണ് ഇന്ന് നടക്കുക. അതുകൊണ്ട് തന്നെ ആദ്യ രണ്ട് മത്സരങ്ങളിലെ ടീം തന്നെയാവും ഇന്ന് കളിക്കുക. ഹർഷിത് റാണയും അർഷ്ദീപ് സിംഗും പുറത്തുപോകും. പകരം ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിലെത്തും.

ഗ്രൂപ്പ് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിലെ സ്ഥാനം നിലനിർത്തും. കഴിഞ്ഞ കളിയിലേത് പോലെ സഞ്ജു മൂന്നാം നമ്പറിൽ കളിക്കാൻ ഇന്ന് സാധ്യതയില്ല. സൂര്യകുമാർ യാദവ് തന്നെ മൂന്നാം നമ്പറിൽ കളിക്കുമ്പോൾ സഞ്ജു അഞ്ചാം നമ്പറിലാവും.