Asia Cup 2025: ആൾക്കാർ എന്ത് പറയുമെന്നതൊന്നും കാര്യമാക്കുന്നില്ല; എകെ47 ആഘോഷത്തിൽ പ്രതികരിച്ച് പാക് താരം
Sahibzada Farhan About His Celebration: തൻ്റെ ഫിഫ്റ്റി ആഘോഷത്തിനെപ്പറ്റി ആൾക്കാർ പറയുന്നത് കാര്യമാക്കുന്നില്ലെന്ന് പാക് താരം സഹിബ്സാദ ഫർഹാൻ. വാർത്താസമ്മേളനത്തിലാണ് ഫർഹാൻ്റെ പ്രതികരണം.

തൻ്റെ എകെ 47 ആഘോഷത്തിൽ ആളുകൾ എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ലെന്ന് പാകിസ്താൻ ഓപ്പണർ സഹിബ്സാദ ഫർഹാൻ. പെട്ടെന്ന് മനസ്സിലേക്ക് വന്ന ഒരു ആഘോഷമായിരുന്നു എന്നും ഫർഹാൻ മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താരം പറഞ്ഞു. (Image Credits- PTI)

"സിക്സിനെപ്പറ്റി പറഞ്ഞാൽ, ഭാവിയിൽ നിങ്ങൾ അത് കൂടുതൽ കാണും. ആ ആഘോഷം ആ സമയത്ത് വന്നതാണ്. ഫിഫ്റ്റി അടിച്ചാൽ ഞാൻ ഒരുപാട് ആഘോഷമൊന്നും നടത്താറില്ല. പെട്ടെന്നാണ് ഇങ്ങനെ ഒരു ആഘോഷം നടത്തിയാലോ എന്ന് തോന്നിയത്."- ഫർഹാൻ പ്രതികരിച്ചു.

"ആളുകൾ അത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ആക്രമിച്ചുകളിക്കണമെന്ന ശൈലിയാണ് നമുക്കുള്ളത്. ഇന്ത്യക്കെതിരെ മാത്രം ആക്രമിച്ച് കളിക്കണമെന്നല്ല. എല്ലാ ടീമുകൾക്കെതിരെയും ആക്രമിച്ച് കളിക്കണം."- വാർത്താസമ്മേളത്തിൽ പാക് താരം തുടർന്നു.

സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്താനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്തുകൾ ബാക്കിനിർത്തി ഇന്ത്യ മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്.

സൂപ്പർ ഫോറിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ ബംഗ്ലാദേശ് ആണ്. സെപ്തംബർ 24നാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക. പാകിസ്താൻ ആവട്ടെ സെപ്തംബർ 23ന് ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങും. സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനൽ കളിക്കും.