Asia Cup 2025: ‘വിവേകമില്ലാത്ത പരിശീലനം’; പാകിസ്താൻ പരിശീലകനെതിരെ ആഞ്ഞടിച്ച് ഷുഐബ് അക്തർ
Shoaib Akhtar Criticizes Mike Hesson: പാക് പരിശീലകനെതിരെ ഷൊഐബ് അക്തർ. വിവേകമില്ലാത്ത പരിശീലനമാണ് ഹെസൻ നടത്തുന്നതെന്ന് അക്തർ പറഞ്ഞു.

പാകിസ്താൻ പരിശീലകൻ മൈക്ക് ഹെസനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുൻ താരം ഷൊഐബ് അക്തർ. ഹെസൻ്റേത് വിവേകമില്ലാത്ത പരിശീലനമാണെന്ന് അക്തർ പറഞ്ഞു. ഏഷ്യാ കപ്പ് കലാശപ്പോരിൽ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. (Image Courtesy- Social Media)

"ശരിയായി ചിന്തിക്കാത്ത മാനേജ്മെൻ്റിനെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ടത്. വിവേകമില്ലാത്ത പരിശീലനമാണിത് എന്ന് ഞാൻ പറയും. എൻ്റെ കഠിനമായ വാക്കുകൾക്ക് ക്ഷമിക്കണം. പക്ഷേ, വിവേകമില്ലാത്ത പരിശീലനമാണിത്."- ഷൊഐബ് അക്തർ കുറ്റപ്പെടുത്തി.

"മാച്ച് വിന്നർ ഹസൻ നവാസിനെ ടീമിലെടുത്തില്ല. സൽമാൻ മിർസയില്ല. വലിയ നിരാശയും വേദനയുമുണ്ട്. ഞായറാഴ്ച ആയതിനാൽ രാജ്യം മുഴുവൻ കളി കാണുകയായിരുന്നു. നമ്മുടെ മധ്യനിര നേരത്തെ പ്രശ്നമായിരുന്നു. എല്ലാവർക്കും അതറിയാം. എല്ലാവരും അത് പറഞ്ഞിരുന്നു."

"മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്റഫ് തുടങ്ങിയവരിൽ നിന്ന് കൂടുതൽ പ്രകടനം തേടിയാൽ, കൂടുതൽ ബാറ്റിംഗ് ആവശ്യപ്പെട്ടാൽ അത് ചോദ്യം ചെയ്യേണ്ട കാര്യമാണ്. ലോവർ ഓർഡർ 50ലധികം റൺസ് സ്കോർ ചെയ്യണമെന്നത് മഹാ മോശമാണ്."

"ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്പിന്നർമാരെ നേരിടാൻ ബാറ്റർമാർ ബുദ്ധിമുട്ടുമ്പോൾ വരുത്തിയ ബൗളിംഗ് ചേഞ്ചുകൾ. ഹാരിസ് റൗഫിനെ കൊണ്ടുവരേണ്ട ഒരാവശ്യവുമില്ലായിരുന്നു. ഒരു ഓവറിൽ 17 റൺസാണ് വഴങ്ങിയത്. ആ ഓവറിൻ്റെ ആവശ്യമില്ലായിരുന്നു."- അക്തർ പറഞ്ഞു.