Kohli- Rohit: ദേശീയ ടീമിൽ പരിഗണിക്കണമെങ്കിൽ ആഭ്യന്തര മത്സരം കളിക്കണം; രോഹിതിനും കോലിയ്ക്കും ബിസിസിഐയുടെ നിർദ്ദേശം
Virat Kohli And Rohit Sharma To Vijay Hazare: വിരാട് കോലിയും രോഹിത് ശർമ്മയും വിജയ് ഹസാരെ ട്രോഫി കളിക്കണമെന്ന് ബിസിസിഐ. എങ്കിലേ ഇരുവരെയും ദേശീയ ടീമിൽ പരിഗണിക്കൂ എന്ന് ബിസിസിഐ പറഞ്ഞു.

ദേശീയ ടീമിൽ പരിഗണിക്കണമെങ്കിൽ രോഹിത് ശർമ്മയും വിരാട് കോലിയും ആഭ്യന്തര മത്സരം കളിക്കണമെന്ന് ബിസിസിഐ. ഡിസംബർ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ടൂർണമെൻ്റിൽ കളിക്കണമെന്നാണ് രണ്ട് സീനിയർ താരങ്ങൾക്കും ബിസിസിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. (Image Credits - PTI)

ആഭ്യന്തര മത്സരങ്ങളിലൂടെ കടന്നുപോയെങ്കിൽ മാത്രമേ ഇരുവരെയും ദേശീയ ടീമിൽ പരിഗണിക്കൂ എന്ന് ബിസിസിഐ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുള്ള ആദ്യ പടിയാണ് വിജയ് ഹസാരെ ട്രോഫി. കോലിയും രോഹിതും ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് കളിക്കുന്നത്.

വിജയ് ഹസാരെ ട്രോഫി കളിക്കാൻ രോഹിത് തയ്യാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനെ രോഹിത് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഇതിൽ തങ്ങളോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.

അതേസമയം, വിരാട് കോലി വിജയ് ഹസാരെ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. വിജയ് ഹസാരെ ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര കളിക്കും. ഈ മാസം 30നാണ് ഇത് ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് മുൻപ് ഇരുവരും കളിച്ചത്. ഗംഭീര ഫോമിലായിരുന്ന രോഹിത് ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 202 റൺസ് നേടി പരമ്പരയിലെ താരമായി. രണ്ട് ഡക്ക് സഹിതം 74 റൺസാണ് പരമ്പരയിൽ കോലി നേടിയത്.