Bigg Boss Malayalam 7: ഷാനവാസിന് നെഞ്ച് വേദന; ആശുപത്രിയിലേക്ക് മാറ്റി; നെവിനെ പുറത്താക്കിയേക്കും!
Shanavas and Nevin Get Into Heated Fight; ഷാനവാസും നെവിനും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ ആണ് അത്. തര്‍ക്കത്തിന് ഒടുവില്‍ ഷാനവാസിന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് വിവരം.

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വാശീയേറിയ പോരാട്ടത്തിലാണ് മത്സരാർത്ഥികൾ. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾ ടോപ്പ് ഫൈവിൽ നേരിട്ട് എത്തും.

അതുകൊണ്ട് തന്നെ ഈ സീസണിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പോരാട്ടമാണ് ഹൗസിൽ നടക്കുന്നത്. ഇതുവരെയുള്ള പോരാട്ടത്തിൽ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നൂറയാണ് ഒന്നാം സ്ഥാനത്ത്. ആര്യനേക്കാള്‍ ഒരു പോയിന്റിനാണ് നൂറ മുന്നിൽ എത്തിയത്. ഇതിനിടെയിൽ മത്സരാര്‍ഥികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വർധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീട്ടിനകത്ത് ഉണ്ടായ ഒരു തർക്കമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നെവിനും ഷാനവാസും തമ്മിലുണ്ടായ തർക്കമാണ് ചർച്ചാവിഷയം. എന്നാൽ തർക്കം അതിരുവിട്ടതോടെ ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.

കിച്ചണിലുണ്ടായ തർക്കത്തിൽ ഷാനവാസും നെവിനും നേർക്കുനേർ വന്നപ്പോഴാണ് സംഭവം. ഇരുവരും പാൽ ബോക്സ് പിടിച്ച് വലിക്കുന്നതും പിന്നാലെ തറയിലേക്ക് വീഴുകയും ചെയ്യുന്ന ഷാനവാസിനെ കാണാം. ഇതോടെ ഷാനവാസിനെ മറ്റ് മത്സരാർഥികൾ സഹായിക്കുന്നുണ്ട്. എന്നാൽ ഇത് ഷാനവാസിന്റെ ഡ്രാമയും ഓവർ ആക്ടിങ്ങും ആണ് എന്നാണ് അക്ബറും നെവിനും ആര്യനുമെല്ലാം പറഞ്ഞത്.

പിന്നാലെ ബിഗ് ബോസ് ഷാനവാസിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ഇവിടെ വച്ച് വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സമയം മറ്റ് മത്സരാർഥികളെ ബിഗ് ബോസ് ലിവിങ് റൂമിൽ വിളിച്ചിരുത്തി. ഇക്കാര്യം സഹമത്സരാര്‍ഥികളെ അറിയിക്കുകയുമുണ്ടായി.

നെവിന് ബിഗ് ബോസിന്റെ മുന്നറിയിപ്പ് ലഭിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ നിൽക്കാൻ ആവില്ലെന്നും നിയമലംഘനങ്ങൾ ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും ബിഗ് ബോസ് പറഞ്ഞു. ഇത് അവസാന വാണിംഗ് ആണ്. ഇനി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം ഉണ്ടായാൽ നെവിനെ ഇവിടെ നിന്ന് പുറത്താക്കുമെന്നും ബിഗ് ബോസ് പറഞ്ഞു.

ഇതിനു പിന്നാലെ നെവിനെ കണ്‍ഫെഷന്‍ റൂമിലേക്കും ബിഗ് ബോസ് വിളിപ്പിച്ചു. ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെനിന്ന് തിരിച്ച് വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ നെവിനുമായി സംസാരിക്കേണ്ടിവരുമെന്നും ബാക്കിയെല്ലാം അപ്പോള്‍ പറയാമെന്നും ബിഗ് ബോസ് പറഞ്ഞു.