India vs Australia: ഇന്ത്യക്ക് തിരിച്ചടിയായി സുപ്രധാന താരത്തിൻ്റെ പരിക്ക്; ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളിൽ കളിക്കില്ല
Injury Concerns In Indian Camp: ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ഭീഷണി. പ്രധാന താരത്തിന് പരിക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി സുപ്രധാന താരത്തിൻ്റെ പരിക്ക്. ഇതോടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ താരം കളിക്കില്ല. ആദ്യ കളിയിൽ ടോസിനെത്തിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പരിക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് വീണ്ടും പരിക്കേറ്റ് പുറത്തായത്. അഡലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ താരം ഇപ്പോൾ കഴുത്തിന് കോച്ചിപ്പിടുത്തമുണ്ടെന്ന് പരാതിപറഞ്ഞിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.

ഇത് താരത്തിൻ്റെ രോഗമുക്തിയും തിരിച്ചുവരവും വൈകിപ്പിച്ചിരിക്കുകയാണ്. അഡലെയ്ഡ് ഏകദിനത്തിനിടെ തുടയുടെ മസിലിലാണ് താരത്തിന് പരിക്കേറ്റത്. ഇതിൽ നിന്ന് മുക്തനാകുന്നതിനിടെ പുതിയ പരിക്കേറ്റത് നിതീഷ് കുമാർ റെഡ്ഡിക്കും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടിയാണ്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്. ഓൾറൗണ്ടറായി ശിവം ദുബെ ഉണ്ടെങ്കിലും നിതീഷ് കുമാർ റെഡ്ഡി 2026 ലോകകപ്പ് പ്ലാനുകളിലെ പ്രധാന താരമായിരുന്നു. എന്നാൽ, താരത്തിന് ഇടക്കിടെ പരിക്കേൽക്കുന്നത് സെലക്ടർമാർക്ക് തലവേദനയാവും.

മലയാളി താരം സഞ്ജു സാംസൺ ആദ്യ ടി20യ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അഞ്ചാം നമ്പറിലാണ് താരം കളിക്കുക. ആദ്യ കളിയിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ഇന്ത്യക്ക് അഭിഷേക് ശർമ്മയെ നഷ്ടമായി. ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും ക്രീസിൽ തുടരുന്നു.