India vs South Africa: ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത രണ്ട് താരങ്ങൾക്ക് പരിക്ക്; ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയെന്ന് റിപ്പോർട്ട്
South African Players Injured: രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് പരിക്ക്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത രണ്ട് താരങ്ങൾക്കാണ് പരിക്കേറ്റത്.

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് പരിക്ക്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശുഭ്മൻ ഗില്ലിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. (Image Credits- PTI)

ആദ്യ ടെസ്റ്റിലെ താരമായ സൈമൺ ഹാർമറിനും രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞ മാർക്കോ യാൻസനുമാണ് പരിക്കേറ്റിരിക്കുന്നത്. ഹാർമറിൻ്റെ തോളിന് പരിക്കേറ്റപ്പോൾ മാർക്കോ യാൻസനും ചെറിയ പരിക്കുണ്ട്. ഇരുവരും ആശുപത്രിയിൽ പരിശോധന നടത്തി.

ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 159 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ, ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 189 റൺസിന് മുട്ടുമടക്കി. സൈമൺ ഹാർമർ നാലും മാർക്കോ യാൻസൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓളൗട്ടായി. ക്യാപ്റ്റൻ ടെംബ ബാവുമ 55 റൺസുമായി നിർണായക പ്രകടനം കാഴ്ചവച്ചു. ഇന്ത്യ 93 റൺസിന് ഓളൗട്ട്. ഹാർമർ വീണ്ടും നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാൻസൻ രണ്ട് വിക്കറ്റിട്ടു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസ് വിജയം.

ജയത്തോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്ന് കളിയിൽ 24 പോയിൻ്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. എട്ട് കളിയിൽ നിന്ന് 52 പോയിൻ്റുമായി ഇന്ത്യ നാലാമതാണ്. മൂന്ന് കളിയിൽ നിന്ന് 36 പോയിൻ്റുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്.