Neeraj Chopra: ഡയമണ്ട് ലീഗിൽ നീരജിന് വെള്ളി; റെക്കോർഡ് വ്യക്തിഗത നേട്ടത്തോടെ ജൂലിയൻ വെബറിന് സ്വർണം
Neeraj Chopra Claims Silver In Diamond League: ഡയമണ്ട് ലീഗിൽ വെള്ളിമെഡൽ ജേതാവായി നീരജ് ചോപ്ര. ജർമനിയുടെ ജൂലിയൻ വെബറിനാണ് സ്വർണം.

ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. ലീഗിൽ രണ്ടാം സ്വർണക്കിരീടം നേടിയിറങ്ങിയ നീരജിനെ ജർമ്മനിയുടെ ജൂലിയൻ വെബറാണ് മറികടന്നത്. റെക്കോർഡ് വ്യക്തിഗത നേട്ടത്തോടെ വെബർ സ്വർണനേട്ടം കൈവരിച്ചപ്പോൾ നീരജിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

91.61 മീറ്ററാണ് വെബറിൻ്റെ സ്വർണത്തിലേക്കുള്ള ഏറ്.ആദ്യ ശ്രമത്തിൽ 91.37 മീറ്ററിൻ്റെ മികച്ച ദൂരം കണ്ടെത്തിയ വെബർ തൻ്റെ രണ്ടാമത്തെ ശ്രമത്തിലാണ് 91.51 മീറ്റർ ദൂരം കണ്ടെത്തിയത്. നീരജിന് 90 മീറ്റർ മറികടക്കാനായില്ല. 85 മീറ്റർ മറികടക്കാൻ പോലും താരം ബുദ്ധിമുട്ടി.

തൻ്റെ അവസാന ശ്രമത്തിലാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്. 85.01 മീറ്ററാണ് അവസാന ശ്രമത്തിൽ നീരജ് കണ്ടെത്തിയത്. തുടരെ മൂന്ന് ത്രോകൾ ഫൗൾ ആയെങ്കിലും അവസാന ത്രോയിൽ നീരജ് വെള്ളി മെഡൽ ദൂരം താണ്ടുകയായിരുന്നു.

84.95 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോൺ വാൽക്കോട്ടിനാണ് മൂന്നാം സ്ഥാനം. 2022ലാണ് നീരജ് ഡയമണ്ട് ലീഗ് ചാമ്പ്യനായത്. പിന്നീട് ഇതുവരെ താരത്തിന് ഡയമണ്ട് ലീഗിൽ സ്വർണം നേടാനായിട്ടില്ല.

തുടർന്നുള്ള രണ്ട് വർഷങ്ങളിലും ഇപ്പോൾ മൂന്നാം വർഷവും താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നീരജ് കണ്ടെത്തിയ ദൂരം: ആദ്യ ത്രോ- 84.35 മീറ്റർ, രണ്ടാം ത്രോ- 82 മീറ്റർ, മൂന്നാം ത്രോ- ഫൗൾ, നാലാം ത്രോ- ഫൗൾ, അഞ്ചാം ത്രോ- ഫൗൾ, ആറാം ത്രോ- 85.01 മീറ്റർ