Type-2 Diabetes: സൂര്യപ്രകാശമേറ്റാൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം?; പഠനം പറയുന്നത് ഇങ്ങനെ
Type-2 Diabetes Control: ശരീരത്തിലെ സിർകാഡിയൻ റിഥത്തെ നിയന്ത്രിക്കുന്ന പിഇആർ1, സിആർവൈ1 ജീനുകൾ സൂര്യപ്രകാശം ഏൽക്കുന്ന സമയത്ത് കൂടുതൽ സജീവമാകുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാമെന്നാണ് പഠനം പറയുന്നത്.

ലോകമെമ്പാടും ലക്ഷകണക്കിന് ആളുകളാണ് പ്രമേഹത്താൽ ബുദ്ധിമുട്ടുന്നത്. ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും മരുന്നുകളിലൂടെയും മാത്രമെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കു എന്നായിരുന്നു ഇതുവരെ നമ്മൾ കരുതിയിരുന്നത്. എന്നാൽ സെൽ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണമനുസരിച്ച്, സൂര്യപ്രകാശത്തിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാമെന്നാണ് പറയുന്നത്. (Image Credits: Getty Images)

പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏൽക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ സിർകാഡിയൻ റിഥത്തെ നിയന്ത്രിക്കുന്ന പിഇആർ1, സിആർവൈ1 ജീനുകൾ സൂര്യപ്രകാശം ഏൽക്കുന്ന സമയത്ത് കൂടുതൽ സജീവമാകുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാമെന്നാണ് പഠനം പറയുന്നത്. 70 വയസിന് മുകളിലുള്ള 13 പേരിലാണ് പഠനം നടത്തിയത്.

രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സൂര്യപ്രകാശത്തിലാണ് പഠനം നടത്തിയത്. കൃത്രിമ വെളിച്ചത്തെ പൂർണമായും മാറ്റിനിർത്തിയുള്ള പരീക്ഷണമാണ് നടന്നത്. 4.5 ദിവസത്തേക്ക് നടന്ന പഠനത്തിൽ അവർ മുമ്പ് പാലിച്ചിരുന്ന ഉറക്ക സമയം, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം, പ്രമേഹ മരുന്നുകൾ എന്നിവയൊന്നും ഒഴിവാക്കിയിരുന്നില്ല.

നാലര ദിവസത്തെ പരീക്ഷണത്തിന് ശേഷം സൂര്യപ്രകാശം ഏറ്റ ആളുകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പകുതി സമയം സാധാരണ നിലയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ശരീരത്തിലെ മെച്ചപ്പെട്ട ചയാപചയത്തിനും പ്രമേഹ നിയന്ത്രണത്തിനും സൂര്യപ്രകാശമേൽക്കുന്നത് കൂടുതൽ നല്ലതാണെന്ന് ഈ പരീക്ഷണത്തിലൂടെ ഗവേഷകർ വിലയിരുത്തി.

സൂര്യപ്രകാശം അധികമെത്താത്ത വീടുകളിലോ സ്ഥലങ്ങളിലോ ജീവിക്കുന്നവർ ദിവസവും ഇടയ്ക്കിടെ പുറത്തിറങ്ങി വെയിൽ കൊള്ളേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. എന്നാൽ പരീക്ഷണത്തിന് ഇറങ്ങിതിരിക്കും മുമ്പ് നിങ്ങൾ സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ നിർദ്ദേശം തേടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.