Noodles history: ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം മറികടക്കാൻ സഹായിച്ച ഭക്ഷണം, നിസ്സാരക്കാരനല്ല ന്യൂഡിൽസ്
Food Shortages During the World Wars: ഡീപ്പ് ഫ്രൈയിങ്ങിന്റെ ശാസ്ത്രം മനസ്സിലാക്കി അതിൽ നടത്തിയ മാറ്റങ്ങളിലൂടെ അങ്ങനെ ലോകത്തിലെ ആദ്യ ഇൻസ്റ്റന്റ് ന്യൂഡിൽസ് പിറവിയെടുത്തു.

യുദ്ധത്തിനുശേഷം ജപ്പാൻ ക്ഷാമത്തിലേക്ക് വീഴാതിരിക്കാൻ വലിയ അളവിൽ അമേരിക്കയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്തു. എന്നാൽ വിതരണത്തിലെ പാളിച്ചകൾ കാരണം ഗോതമ്പ് കരിഞ്ചന്തയിൽ എത്തുകയും അനധികൃത തട്ടുകടകളിൽ നൂഡിൽസായി വിൽക്കുകയും ചെയ്തു.

വിശപ്പടക്കാൻ നൂഡിൽസിനായി നീണ്ട വരികളിൽ കാത്തുനിൽക്കുന്ന ആളുകളെ കണ്ട തായ്‌വാൻ കുടിയേറ്റക്കാരനായ മൊമോഫുകു ആൻ്റോയാണ് നൂഡിൽസിന്റെ ചരിത്രം മാറ്റിയെഴുതിയത്.

അന്ന് ആൻ്റോ, വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നൂഡിൽസ് കണ്ടുപിടിക്കാൻ തീരുമാനിച്ചു. ഡീപ്പ് ഫ്രൈയിങ്ങിന്റെ ശാസ്ത്രം മനസ്സിലാക്കി അതിൽ നടത്തിയ മാറ്റങ്ങളിലൂടെ അങ്ങനെ ലോകത്തിലെ ആദ്യ ഇൻസ്റ്റന്റ് ന്യൂഡിൽസ് പിറവിയെടുത്തു. ഈ രീതിയിൽ നൂഡിൽസുകൾ വെള്ളം നീരാവിയാക്കി, രണ്ട് മിനിറ്റിനുള്ളിൽ പാകം ചെയ്യാനും കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

1958-ൽ ആൻ്റോ ‘ഇൻസ്റ്റന്റ് കുക്ക് ചിക്കൻ റാമൻ’ പുറത്തിറക്കി. 1971-ൽ ഇൻസ്റ്റന്റ് നൂഡിൽസ് പോളിസ്റ്റൈറീൻ കപ്പുകളിൽ പാക്കേജുചെയ്ത് ചൂടുവെള്ളം മാത്രം ചേർത്താൽ കഴിക്കാവുന്ന ഉൽപ്പന്നമായി വിപണിയിലെത്തി. ആദ്യകാലത്ത് വില കൂടുതലായിരുന്നെങ്കിലും ജനപ്രീതി വർധിച്ചതോടെ വില അതിവേഗം കുറഞ്ഞു.

ഇന്ന്, വേൾഡ് ഇൻസ്റ്റന്റ് നൂഡിൽസ് അസോസിയേഷൻ കണക്കുപ്രകാരം, ചൈനയാണ് ഏറ്റവും അധികം ഇൻസ്റ്റന്റ് നൂഡിൽസ് (43.8 ബില്യൺ സെർവിങ്ങുകൾ) കഴിക്കുന്ന രാജ്യം. ഇന്തോനേഷ്യയ്ക്ക് പിന്നാലെ ഇന്ത്യ 8.32 ബില്യൺ സെർവിങ്ങുകളുമായി മൂന്നാം സ്ഥാനത്താണ്. ഒരു രാജ്യത്തിൻ്റെ വിശപ്പിന്റെ കഥയാണ് ഈ ലളിതമായ ഭക്ഷണത്തിനു പിന്നിലുള്ളത്.