Onam Recipe: ഓണദിവസത്തെ തിരക്ക് ഒഴിവാക്കാം! തലേന്നുതന്നെ തയ്യാറാക്കി വെക്കാവുന്ന സദ്യ വിഭവങ്ങൾ ഇതാ
Onam Sadhya Making Tips: അടുക്കളയിൽ കയറി സദ്യയൊരുക്കുമ്പോൾ പലപ്പോഴും ആഘോഷങ്ങൾ ആസ്വദിക്കാൻ നമ്മുടെ അമ്മമാർക്ക് സമയം കിട്ടാറില്ല. എന്നാൽ തന്ത്രപരമായി ചില വിഭവങ്ങൾ തലേദിവസം തന്നെ തയ്യാറാക്കി വെച്ചാൽ തിരുവോണനാളിൽ അടുക്കളയിലെ തിരക്ക് പകുതിയായി കുറയ്ക്കാനാകും. എന്ന് മാത്രമല്ല, ചില വിഭവങ്ങൾ തലേന്ന് ഉണ്ടാക്കി വെക്കുമ്പോഴാണ് രുചി ഇരട്ടിക്കുന്നത്. പായസത്തിനുള്ള അട കഴുകി വറുത്തു വെക്കുന്നതും, പരിപ്പ് പായസത്തിനുള്ള പരിപ്പ് വറുത്തു വെക്കുന്നതും പാചകം എളുപ്പമാക്കും.

തിരുവോണദിവസം രാവിലെയോടെ അടുക്കളയിൽ കയറി സദ്യയൊരുക്കുമ്പോൾ പലപ്പോഴും ആഘോഷങ്ങൾ ആസ്വദിക്കാൻ നമ്മുടെ അമ്മമാർക്ക് സമയം കിട്ടാറില്ല. എന്നാൽ തന്ത്രപരമായി ചില വിഭവങ്ങൾ തലേദിവസം തന്നെ തയ്യാറാക്കി വെച്ചാൽ തിരുവോണനാളിൽ അടുക്കളയിലെ തിരക്ക് പകുതിയായി കുറയ്ക്കാനാകും. എന്ന് മാത്രമല്ല, ചില വിഭവങ്ങൾ തലേന്ന് ഉണ്ടാക്കി വെക്കുമ്പോഴാണ് രുചി ഇരട്ടിക്കുന്നത്. (Image credit source: Getty Images)

ഇഞ്ചിക്കറി / പുളിയിഞ്ചി: സദ്യയിലെ നൂറ്റൊന്ന് കറിക്ക് സമമായ ഇഞ്ചിക്കറി തലേദിവസം ഉണ്ടാക്കി വെക്കുന്നതാണ് ഏറ്റവും നല്ലത്. പിറ്റേന്ന് എണ്ണ തെളിഞ്ഞ് പുളിയും മധുരവും എരിവും ഇഞ്ചിയിൽ നന്നായി പിടിച്ച് ഇതിൻ്റെ രുചി വർദ്ധിക്കും. അതിനാൽ ഉത്രാട ദിവസമോ പൂരാട ദിവസമോ നിങ്ങൾക്ക് ഇവ തയ്യാറാക്കി വയ്ക്കാവുന്നതാണ്.

അച്ചാറുകൾ: മാങ്ങ, നാരങ്ങ തുടങ്ങിയ സദ്യയിലെ കിടിലൻ അച്ചാറുകൾ മുൻകൂട്ടി തയ്യാറാക്കാം. എണ്ണയും കായവും നന്നായി പിടിക്കാൻ നേരത്തെ ഉണ്ടാക്കി വയ്ക്കുന്നത് തന്നെയാണ് നല്ലത്. നേന്ത്രക്കായയും ചേനയും തൈരിൽ കുറുക്കിയെടുക്കുന്ന കാളൻ തലേദിവസം തന്നെ ഉണ്ടാക്കി വെക്കുന്നത് നല്ല ഐഡിയയാണ്. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന വിഭവമാണിത്.

വറുത്ത ഉപ്പേരി - ശർക്കരവരട്ടി: കായ വറുത്തതും ശർക്കര വരട്ടിയുമെല്ലാം ഓണത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ ഉണ്ടാക്കി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം. സാധാരണയായി മലയാളികൾ ഇവയെല്ലാം തയ്യാറാക്കാൻ പ്രത്യേക ദിവസം ഉണ്ടെന്നത് പണ്ടുമുതലുള്ള ഒരു രീതിയാണ്. മിക്ക വീടുകളിലും ആദ്യം പാത്രങ്ങളിൽ നിറയുന്നതും ഇവ തന്നെയാണ്.

പച്ചക്കറികൾ അരിഞ്ഞു വെക്കാം: അവിയൽ, സാമ്പാർ, തോരൻ തുടങ്ങിയവയ്ക്കുള്ള പച്ചക്കറികൾ തലേന്ന് രാത്രി തന്നെ അരിഞ്ഞ് ഈർപ്പമില്ലാത്ത എയർടൈറ്റ് ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. സദ്യ വിഭവങ്ങൾക്ക് ധാരാളം തേങ്ങ ആവശ്യമായതിനാൽ തലേന്ന് തന്നെ ചിരകി ഫ്രിഡ്ജിൽ വെക്കുന്നത് സമയം ലാഭിക്കും. പായസത്തിനുള്ള അട കഴുകി വറുത്തു വെക്കുന്നതും, പരിപ്പ് പായസത്തിനുള്ള പരിപ്പ് വറുത്തു വെക്കുന്നതും പാചകം എളുപ്പമാക്കും.