കരുത്തിൽ വലിയവൻ, വിലയിൽ ചെറിയവൻ! വൺപ്ലസ് N6 ലൈറ്റ് ലോഞ്ച് സെപ്റ്റംബർ 22ന്
OnePlus N6 Lite to launch in India on September 22: വൺപ്ലസ് N6 ലൈറ്റ് സെപ്റ്റംബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൺപ്ലസ് N സീരീസിൽ ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് N6 ലൈറ്റ്. ഇതിന് മുൻപ് വൺപ്ലസ് N6, വൺപ്ലസ് N6x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെ വൺപ്ലസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വൺപ്ലസ് അടുത്തിടെ ആരംഭിച്ച ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ സീരീസായ N സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ വരുന്നു. വൺപ്ലസ് N6 ലൈറ്റ് (OnePlus N6 Lite) സെപ്റ്റംബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറത്തുവന്ന ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ കരുത്തിൽ വലിയവൻ, വിലയിൽ ചെറിയവൻ എന്ന് ഈ ഫോണിനെ വിശേഷിപ്പിക്കാനാകും. (Image credit: OnePlus)

വൺപ്ലസ് N സീരീസിൽ ഇന്ത്യയിൽ എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് N6 ലൈറ്റ്. ഇതിന് മുൻപ് വൺപ്ലസ് N6, വൺപ്ലസ് N6x എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പുതിയ മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് N6 ലൈറ്റ് മൈക്രോ സൈറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ഈ ഫോണിന്റെ ചില ഫീച്ചറുകൾ സ്ഥിരീകരിച്ചിരിക്കുന്നു.

7,000mAh ബാറ്ററി സഹിതമാണ് വൺപ്ലസ് N6 ലൈറ്റ് എത്തുകയെന്ന് വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബാറ്ററി ശേഷിക്കൊപ്പം ഡിസ്‌പ്ലേ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് വൺപ്ലസ് N6 ലൈറ്റ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് സ്‌ക്രീനാണ് N6 ലൈറ്റിൽ ഉള്ളത്.

സ്ക്രീനിൽ ഈർപ്പമോ വെള്ളത്തുള്ളികളോ എണ്ണമയമോ പറ്റിയാൽ പോലും കൃത്യമായി ടച്ച് ഇൻപുട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന "അക്വാ ടച്ച് " ടെക്നോളജി ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഈട് ഉറപ്പാക്കാൻ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനോടെയാണ് ഈ ഫോൺ എത്തുക. ഒട്ടനവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിൽ ഉണ്ടാകും.

ലോഞ്ചിന് മുന്നോടിയായി പ്രധാനമായും വൺപ്ലസ് N6 ലൈറ്റിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് ആണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഈ ഫോൺ ഉപയോഗിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 26.8 മണിക്കൂർ വരെ വീഡിയോ പ്ലേ ബാക്ക്, 29.9 മണിക്കൂർ വരെ ഗൂഗിൾ മാപ്പ് നാവിഗേഷൻ, 49.7 മണിക്കൂർ വരെ വോയ്സ് കോളുകൾ എന്നിവ ഇതിലെ ബാറ്ററി പിന്തുണയ്ക്കും.

മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാൻ കഴിയുന്ന 'വയർഡ് റിവേഴ്സ് ചാർജിംഗ്' ഫീച്ചറും ഈ ബജറ്റ് വൺപ്ലസ് ഫോൺ വാഗ്ദാനം ചെയ്യും. 1,600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററിയുടെ യഥാർത്ഥ ശേഷിയുടെ 80%-ത്തിലധികം നിലനിർത്താൻ ഈ മോഡലിന് കഴിയുമെന്ന് വൺപ്ലസ് ഉറപ്പുനൽകുന്നു. സാധാരണ ഉപയോഗത്തിൽ ഇത് ഏകദേശം ആറ് വർഷത്തോളം വരും.

7,000mAh ബാറ്ററി ഉണ്ടായിരുന്നിട്ടും, 8.95mm കനവും ഏകദേശം 215 ഗ്രാം ഭാരവും ആണ് ഈ ഫോണിനുള്ളത് എന്നതും കമ്പനി എടുത്തുപറയുന്നുണ്ട്. മിഡ്നൈറ്റ് ഹൈപ്പ്, നിയോ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തുക. പ്രോസസർ, ക്യാമറ ഉൾപ്പെടെയുള്ള ഇതിലെ മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ അറിയാനായേക്കും. ലോഞ്ചിന് ശേഷം വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.