പൂട്ടൽ കഥയൊക്കെ വിട്ടേക്ക്! 7000mAh ബാറ്ററി സഹിതം വൺപ്ലസ് N6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
OnePlus N6x 5G launched in India: വൺപ്ലസ് അടുത്തിടെ ആരംഭിച്ച N സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി, വൺപ്ലസ് N6x 5ജി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+64GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 4GB+128GB വേരിയന്റിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 17,499 രൂപ, 19,499 രൂപ വിലകളിൽ വാങ്ങാനാകും.

വൺപ്ലസ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്നും അടച്ചുപൂട്ടാൻ പോവുകയാണെന്നുമൊക്കെ അടുത്തിടെ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത്തരം കഥകളൊന്നും കാര്യമാക്കേണ്ട, വൺപ്ലസ് ബജറ്റ് വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട്ഫോൺ നിര ഇന്ന് ഒന്നുകൂടി വികസിപ്പിച്ചിരിക്കുന്നു. വൺപ്ലസ് അടുത്തിടെ ആരംഭിച്ച N സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി, വൺപ്ലസ് N6x 5ജി (OnePlus N6x) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. (Image credit: OnePlus India website)

5,300mm² വേപ്പർ ചേംബർ (VC) കൂളിംഗ് സിസ്റ്റം, 48 മാസത്തെ ഫ്ലുവൻസി സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡ് ബേസിക് ഇമേജിംഗ് സെൻസറുകൾ, MIL-STD-810H ഡ്യൂറബിലിറ്റി റേറ്റിംഗ് എന്നിവ ഇതിലുണ്ട്. കൂടാതെ ഇന്റേണൽ എയർബാഗ് കുഷ്യനിംഗ്, ഹാർഡ്‌നെസ്ഡ് ഗ്ലാസ്, ശക്തിപ്പെടുത്തിയ അലുമിനിയം ഫ്രെയിം എന്നിവ ഉൾക്കൊള്ളുന്ന "ആർമർഷെൽ" പ്രൊട്ടക്ഷനോടെയാണ് വൺപ്ലസ് N6x ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്.

ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ അടങ്ങുന്നതാണ് ഇതിലെ ഡിസ്പ്ലേ സജ്ജീകരണം. സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ട് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

കരുത്ത്: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

ക്യാമറ: 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (1080p വരെ 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16 -ൽ ആണ് പ്രവർത്തനം.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 15W ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്, 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

വിലയും ലഭ്യതയും: വൺപ്ലസ് N6x 5ജിയുടെ 4GB+64GB അടിസ്ഥാന വേരിയന്റിന് 18,999 രൂപയും 4GB+128GB വേരിയന്റിന് 20,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17,499 രൂപ, 19,499 രൂപ വിലകളിൽ വാങ്ങാനാകും. ഓഗസ്റ്റ് 4ന് ഉച്ചയ്ക്ക് 12 മുതൽ വൺപ്ലസ് വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവ വഴിയും OnePlus എക്സ്പീരിയൻസ് സ്റ്റോറുകൾ വഴിയും വിൽപ്പന ആരംഭിക്കും.