R Ashwin: ‘ടീമിലെടുക്കാത്തതല്ല, പിന്മാറിയതാണ്’; ഐഎൽടി20 ലേലത്തിൽ പ്രതികരിച്ച് ആർ അശ്വിൻ
R Ashwin About ILT20 Auction: ഐഎൽടി20 ലേലത്തിൽ അൺസോൾഡ് ആയതല്ല പിന്മാറിയതാണെന്ന് ആർ അശ്വിൻ. താരത്തെ ആരും ടീമിലെടുക്കാതിരുന്നത് ചർച്ചയായിരുന്നു.

ഇൻ്റർനാഷണൽ ലീഗ് ടി20 ലേലത്തിൽ ഇന്ത്യൻ താരം ആർ അശ്വിൻ അൺസോൾഡ് ആയത് ഞെട്ടലായിരുന്നു. അശ്വിനായി പിടിവലി നടക്കുമെന്ന് കരുതിയെങ്കിലും താരത്തിനായി ആരും ബിഡ് ചെയ്തില്ല. ഇതിൽ അശ്വിൻ്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. (Image Credits- PTI)

തന്നെ ആരും ടീമിലെടുക്കാതിരുന്നതല്ലെന്നും താൻ സ്വമേധയാ പിന്മാറിയതാണെന്നുമാണ് അശ്വിൻ പ്രതികരിച്ചത്. ലേലത്തിനിടെ കമൻ്റേറ്ററായ സൈമൻ ഡൂൾ അശ്വിൻ ആദ്യ റൗണ്ടിന് ശേഷം പിന്മാറിയെന്ന് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് അശ്വിൻ്റെ പ്രതികരണം.

ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറുമായി ഒരു സീസണിലേക്കാണ് താൻ കരാറൊപ്പിട്ടതെന്ന് അശ്വിൻ പറഞ്ഞു. ഐഎൽടി20യിൽ കളിച്ചാൽ ബിഗ് ബാഷിൻ്റെ ആദ്യ മത്സരങ്ങൾ നഷ്ടമാവും. അതുകൊണ്ട് നേരത്തെ തന്നെ ലേലത്തിൽ നിന്ന് പിന്മാറാൻ താൻ ആലോചിച്ചിരുന്നു.

എന്നാൽ, പങ്കെടുക്കുമെന്ന് സംഘാടകർക്ക് വാക്കുനൽകിയതിനാലാണ് താൻ ലേലത്തിൽ പങ്കെടുത്തത്. ലേലത്തിൽ താൻ തിരഞ്ഞെടുത്ത അടിസ്ഥാനവില തൻ്റെ മൂല്യമാണ്, അത് ഏറ്റവും ഉയർന്നതായാലും. അത് കിട്ടാത്ത ലീഗിൽ കളിക്കാതിരിക്കുന്നത് നല്ല കാര്യമായി തോന്നുന്നു.

ആദ്യ റൗണ്ടിൽ ആരും ലേലത്തിലെടുക്കാത്തതിനാൽ ആക്സിലറേറ്റഡ് റൗണ്ടിന് കാത്തുനിൽക്കാതെ താൻ പിന്മാറിയെന്നും അശ്വിൻ പറഞ്ഞു. പല ഫ്രാഞ്ചൈസികളും അശ്വിനായി പണം മാറ്റിവച്ചിരുന്നു എന്നും ലേലത്തിൽ നിന്ന് പിന്മാറിയത് മണ്ടത്തരമാണെന്നും സൈമൺ ഡൂൾ നിരീക്ഷിച്ചിരുന്നു.