Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Malayalam books for Beginners: വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും, എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ജൂൺ 19, വായനാദിനം കൂടി എത്തിയിരിക്കുകയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനാശീലം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ചില പുസ്തകങ്ങളെ പരിചയപ്പെട്ടാലോ.....

ജാപ്പനീസ് എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ തെത്സുകോ കുറോയാനാഗി എഴുതിയ ലോക പ്രശസ്തമായ നോവലാണ് ടോട്ടോ - ചാൻ ജനാലയ്ക്കരികിലെ വികൃതി കുട്ടി. മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണിത്. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ആണ് ഇതിലെ പ്രധാന കഥാപാത്രം. വായനാശീലം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പുസ്തകം. (Image Credit source: Social Media)

മലയാളത്തിന്റെ പ്രിയ കലാകാരനും മുൻ രാജ്യ സഭ എം.പിയുമായ ഇന്നസെന്‍റ് എഴുതിയ പുസ്തകമാണ് കാൻസർ വാർഡിലെ ചിരി. പേര് പോലെ തന്നെ അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിച്ചത് മുതലുള്ള അനുഭവങ്ങളാണ് പുസ്തകത്തിൽ പകർത്തിയിട്ടുള്ളത്. കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പ് ആരംഭിക്കുന്നത്. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം ചിരി മാത്രമല്ല മാനുഷിക ദുഃഖങ്ങളെയും ചില അവസ്ഥകളെയും പ്രതിഫലിക്കുന്നു.

യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകമാണ് ദൈവത്തിന്റെ ചാരന്മാർ. ഒരു മുപ്പതുകാരന്റെ ജീവിതത്തിൽ കടന്ന് പോയ വ്യക്തികളും അവർ നൽകിയ പാഠങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഓരോ അധ്യായം തുടങ്ങുന്നതും മനോഹരമായ ഉദ്ധരണി കൊണ്ടാണ്. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളിലും ഇതിലൂടെ ലഭിക്കും.

എം.ടി വാസുദേവൻ നായർ രചിച്ച്, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ്. നോവലുകളെ ഇഷ്ടപ്പെടുന്നവർക്ക് മഞ്ഞ് പുതിയൊരു വായനാനുഭവം നൽകും. കാത്തിരിപ്പാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. സഞ്ചാരിയായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ് എന്നീ ജീവിതങ്ങളാണ് മഞ്ഞ്.

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് വേരുകൾ. രഘുവെന്ന വ്യക്തി ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. രഘുവിന്റെ ഭൂതകാലത്തിലൂടെയും ഓർമകളിലൂടെയുമാണ് വേരുകൾ സഞ്ചരിക്കുന്നത്.