Rohit Sharma: ‘അവസാനമായി സിഡ്നിയിൽ നിന്ന് വിടവാങ്ങുന്നു’; രോഹിത് ശർമ്മയുടെ വൈകാരിക പോസ്റ്റ്
Rohit Sharma X Post: വൈകാരിക പോസ്റ്റുമായി രോഹിത് ശർമ്മ. ഓസ്ട്രേലിയക്കെതിരെ മാൻ ഓഫ് ദി സീരീസ് പ്രകടനത്തിന് ശേഷമാണ് രോഹിതിൻ്റെ പോസ്റ്റ്.

ഓസ്ട്രേലിയയിലേക്കുള്ള അവസാന സന്ദർശനം കഴിഞ്ഞ് വൈകാരിക പോസ്റ്റുമായി രോഹിത് ശർമ്മ. പര്യടനം അവസാനിച്ച് തിരികെ പോകാൻ വിമാനത്താവളത്തിലെത്തിയ ചിത്രം പങ്കുവച്ചാണ് രോഹിത് ശർമ്മയുടെ പോസ്റ്റ്. പരമ്പരയിലെ താരം മുൻ ക്യാപ്റ്റനായ രോഹിത് ശർമ്മയായിരുന്നു. (Image Credits - PTI)

'അവസാനമായി ഒരിക്കൽ കൂടി, സിഡ്നിയിൽ നിന്ന് വിടവാങ്ങുന്നു' എന്ന് രോഹിത് തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. ഇനിയൊരിക്കൽ കൂടി ഓസീസ് പര്യടനത്തിനുണ്ടാവില്ലെന്ന സൂചനയാണ് പോസ്റ്റിലൂടെ രോഹിത് നൽകുന്നത്. ഇക്കാര്യം പരമ്പരയ്ക്ക് ശേഷവും രോഹിത് പറഞ്ഞിരുന്നു.

ഓസീസ് പര്യടനത്തിൽ ഒരു സെഞ്ചുറിയും ഫിഫ്റ്റിയും സഹിതം 202 റൺസാണ് രോഹിത് ശർമ്മ നേടിയത്. ഈ പ്രകടനത്തിൻ്റെ കരുത്തിൽ രോഹിത് ശർമ്മ കരിയറിലാദ്യമായി ഒന്നാം റാങ്കിലും എത്തി. തൻ്റെ 38ആം വയസിലാണ് രോഹിത് ശർമ്മ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് റൺസ് മാത്രമേ രോഹിതിന് നേടാനായുള്ളൂ. എന്നാൽ, രണ്ടാം മത്സരത്തിൽ താരം ഇന്ത്യയുടെ ടോപ്പ് സ്കോററായി. 73 റൺസാണ് രോഹിത് രണ്ടാം മത്സരത്തിൽ നേടിയത്. ഈ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.

പരമ്പര നഷ്ടമായി മൂന്നാം മത്സരത്തിനെത്തിയ ഇന്ത്യ സിഡ്നിയിൽ 9 വിക്കറ്റിന് വിജയിച്ചു. 125 പന്തുകളിൽ 121 റൺസ് നേടി പുറത്താവാതെ നിന്ന രോഹിതിനൊപ്പം 74 റൺസ് നേടി പുറത്താവാതെ നിന്ന് വിരാട് കോലിയും തിളങ്ങി. ഇരുവരും ചേർന്ന് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു.