SA20 Auction: സൗത്താഫ്രിക്ക ടി20 ലീഗ് ലേലത്തിൽ രജിസ്റ്റർ ചെയ്ത് 13 ഇന്ത്യൻ താരങ്ങൾ; പട്ടികയിൽ പീയുഷ് ചൗളയും സിദ്ധാർത്ഥ് കൗളും
Indian Players Register For SA20 Auction: ദക്ഷിണാഫ്രിക്ക ടി20 ലീഗ് ലേലത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ താരങ്ങൾ. പീയുഷ് ചൗളയും സിദ്ധാർത്ഥ് കൗളും അടങ്ങുന്ന 13 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്.

സൗത്താഫ്രിക്ക ടി20 ലീഗ് ലേലത്തിൽ രജിസ്റ്റർ ചെയ്ത് 13 ഇന്ത്യൻ താരങ്ങൾ. സൗത്താഫ്രിക്ക ടി20 ലീഗിൻ്റെ നാലാം സീസണ് മുന്നോടിയായുള്ള ലേലത്തിലാണ് പീയുഷ് ചൗള, സിദ്ധാർത്ഥ് കൗൾ, അങ്കിത് രാജ്പൂത് തുടങ്ങി 13 ഇന്ത്യൻ താരങ്ങൾ രജിസ്റ്റർ ചെയ്തത്. സെപ്തംബർ 9നാണ് ലേലം. ആകെ 784 താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. (Image Credits - PTI)

മറ്റ് ടി20 ലീഗുകളിൽ കളിക്കണമെങ്കിൽ ഇന്ത്യൻ താരങ്ങൾ വിരമിച്ചവരാവണമെന്ന നിബന്ധനയുണ്ട്. അല്ലെങ്കിൽ ഐപിഎലിലും ഇന്ത്യൻ ടീമിലും കളിക്കാനുള്ള യോഗ്യത പിൻവലിക്കണം. ഇത് അനുസരിച്ചാണ് ഈ താരങ്ങൾ ലേലത്തിന് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സീസണിൽ ഇന്ത്യയുടെ മുൻ താരമായ ദിനേശ് കാർത്തിക് പാൾ റോയൽസിനായി കളിച്ചിരുന്നു.

മഹേഷ് അഹിർ, സരുൾ കൻവാർ, അനുരീത് സിംഗ്, നിഖിൽ ജഗ, മുഹമ്മദ് ഫൈദ്, കെഎസ് നവീൻ, അൻസാരി മറൂഫ്, ഇമ്രാൻ ഖാൻ, വങ്കടേഷ് ഗലിപെല്ലി, അതുൽ യാദവ് എന്നിവരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്ത മറ്റ് ഇന്ത്യൻ താരങ്ങൾ. ഇവരിൽ ചിലർ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. അനുരീത് സിംഗ് ഐപിഎലിൽ അടക്കം കളിച്ച താരമാണ്.

പീയുഷ് ചൗളയും ഇമ്രാൻ ഖാനും ഒഴികെ ബാക്കിയെല്ലാവരും രണ്ട് ലക്ഷം റാൻഡ് അടിസ്ഥാന വിലയിലാണ് രജിസ്റ്റർ ചെയ്തത്. ചൗളയുടെ അടിസ്ഥാനവില 10 ലക്ഷം റാൻഡാണ്. 52 വയസുകാരനായ ഇമ്രാൻ ഖാൻ്റെ അടിസ്ഥാനവില അഞ്ച് ലക്ഷം റാൻഡാണ്.

84 താരങ്ങൾക്കുള്ള സ്ലോട്ടാണ് ലഭ്യമായിട്ടുള്ളത്. എല്ലാ ടീമുകൾക്കുമായി 7.4 മില്ല്യൺ ഡോളർ പഴ്സിൽ ബാക്കിയുണ്ട്. ഇത്തവണ ഒരു വൈൽഡ് കാർഡ് പ്ലയറെ സൈൻ ചെയ്യാൻ ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ട്. ഈ താരം സാലറി ക്യാപ്പിന് പുറത്താവും. ദക്ഷിണാഫ്രിക്കൻ താരമോ വിദേശതാരമോ ആവാമെന്നും അധികൃതർ അറിയിച്ചിരുന്നു.