Senior Citizens Savings Scheme: 3 മാസത്തിലൊരിക്കൽ 61,500 രൂപ വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രയും
Senior Citizens Savings Scheme Details: ഓരോ മൂന്ന് മാസം കൂടുമ്പോഴും നിങ്ങളുടെ അക്കൗണ്ടിലേക്ക് 61,500 രൂപ പലിശയായി എത്തും. വേണമെങ്കിൽ കാലാവധിക്ക് ശേഷം 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

വിരമിച്ച ശേഷമുള്ള ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് കേന്ദ്ര സർക്കാരിന്റെ സീനിയർ സിറ്റിസൺ സേവിങ്‌സ് സ്കീം (SCSS). ഈ പദ്ധതിയിലൂടെ എങ്ങനെ ഓരോ മൂന്ന് മാസത്തിലും 60,000 രൂപ വരുമാനം നേടാമെന്ന് നോക്കാം.

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പോസ്റ്റ് ഓഫീസ് വഴിയും ബാങ്കുകൾ വഴിയും നടപ്പിലാക്കുന്ന പദ്ധതിയാണിത്. നിലവിൽ 8.2 ശതമാനമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്. പദ്ധതിയിൽ ഒരാൾക്ക് പരമാവധി നിക്ഷേപിക്കാവുന്ന തുക 30 ലക്ഷം രൂപയാണ്.

നിങ്ങൾ 30 ലക്ഷം രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ, ഓരോ മൂന്ന് മാസം കൂടുമ്പോഴും നിങ്ങളുടെ അക്കൗണ്ടിലേക്ക് 61,500 രൂപ പലിശയായി എത്തും. ഇനി 22 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ 45,100 രൂപ വീതം ലഭിക്കും. അതായത് മാസം 15,000 രൂപ ലഭിക്കുമെന്ന് അര്‍ത്ഥം.

പദ്ധതിയുടെ കാലാവധി 5 വർഷമാണ്. വേണമെങ്കിൽ കാലാവധിക്ക് ശേഷം 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല.

ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയായതിനാൽ നിക്ഷേപത്തിന് പൂർണ്ണ സുരക്ഷയുണ്ട്. (Image Credit: Getty Images)