Spider-Man: Brand New Day: ഇന്ത്യൻ സിനിമകളുടെ റെക്കോർഡുകൾ ഭേദിച്ച് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’; ബോക്സ് ഓഫീസിൽ കുതിപ്പ്
Tom Holland's 'Spider-Man' Becomes the Highest-Opening Hollywood Film in India: 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് സിനിമകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ എന്ന റെകോർഡ് ഇതിനോടകം സ്വന്തമാക്കി. മുൻകാല റെക്കോർഡുകളെല്ലാം ചിത്രം തിരുത്തിക്കുറിക്കുകയാണ്.

ജൂലൈ 30-ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിവസം 72.44 കോടി രൂപ നേടിയതായാണ് സക്നിൽക്കിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 60.60 കോടിയാണ്. അങ്ങനെയെങ്കിൽ അവഞ്ചേഴ്സ് എൻഡ് ഗെയിം നേടിയ 65 കോടിയുടെയും, അവതാർ ദ വേൾ ഓഫ് വാട്ടർ നേടിയ 48.75 കോടിയുടെയും കളക്ഷൻ സ്പൈഡർമാൻ മറികടന്നു. (Image Credit source: Facebook Sony Pictures)

പല പ്രമുഖ ഇന്ത്യൻ സിനിമകളുടെയും ആദ്യ ദിന കളക്ഷൻ മറികടക്കാനും ഈ ഹോളീവുഡ് സിനിമക്ക് സാധിച്ചു. ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം പത്താൻ നേടിയ 67. 19 കോടിയേക്കാൾ മികച്ച പ്രകടനമാണ് സ്പൈഡർമാൻ നടത്തിയിരിക്കുന്നത്. രൺവീർ സിംഗിൻ്റെ ദുരന്ധർ 2 മാത്രമാണ് 102.55 കോടിയുമായി സ്പൈഡർമാന് മുന്നിലുള്ള ഒരേയൊരു ഇന്ത്യൻ ചിത്രം. .

റിലീസ് ദിനത്തിൽ 56.58 ശതമാനമായിരുന്നു ഒക്യുപൻസി റേറ്റ്. രാവിലെ 51.22 ശതമാനമായിരുന്നു ഇത്. വൈകുന്നേരമായപ്പോഴേക്കും ഒക്യുപെൻസി 58.78 ശതാമാനമായി ഉയർന്നു. രാത്രി ഷോകൾക്ക് ഇത് 65.11 ശതമാനമായി വലിയ വർധനയിലേക്ക് നീങ്ങി. ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച വലിയ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.

ഈ നിലയിൽ മുന്നേറുകയാണെങ്കിൽ, അവഞ്ചേഴ്സ്, അവതാർ എന്നീ സിനിമകൾ സൃഷ്ടിച്ച വലിയ റെക്കോർഡുകൾ ഈ സിനിമ അതിവേഗം തകർത്തേക്കും. പ്രാഥമിക കണക്കുകൾ പ്രകാരം ഇതിനോടകം തന്നെ ചിത്രം ആഗോള തലത്തിൽ 1000 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. അമേരിക്കയിൽ ജൂലൈ 31-നാണ് സിനിമ റിലീസ് ചെയ്തത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ മുപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മുൻപ് വന്ന മൂന്ന് സ്പൈഡർമാൻ സിനിമകളും സംവിധാനം ചെയ്തത് ജോൺ വാട്ട്സ് ആയിരുന്നെങ്കിൽ ഇത്തവണ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റനാണ് ആ സ്ഥാനം ഏറ്റെടുത്തത്. ടോം ഹോളണ്ടിനും സെൻഡയയ്ക്കും ഒപ്പം സെയ്ഡി സിങ്, ഫ്ലോറൻസ് പ്യൂ, മാർക്ക് റുഫാലോ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.