U19 World Cup 2026: അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ കളിയിൽ ഇന്ത്യ യുഎസ്എയ്ക്കെതിരെ
IND vs USA U19: അണ്ടർ 19 ലോകകപ്പിൻ്റെ ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം.

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം. സിംബാബ്‌വെയും നമീബിയയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 15ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ഫെബ്രുവരി ആറിന് അവസാനിക്കും. ആകെ 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുക.

മുൻ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. യുഎസ്എ, ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഇന്ത്യയുമായി ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ ഇന്ന് ഇന്ത്യ അണ്ടർ 19 യുഎസ്എ അണ്ടർ 19നെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി.

ജനുവരി 17, ജനുവരി 24 തീയതികളിൽ യഥാക്രമം ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകളെയും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നേരിടും. സന്നാഹമത്സരത്തിൽ അയർലൻഡിനെ തോല്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടിരുന്നു. ഈ പരാജയം ഇന്ത്യൻ ടീമിന് ആശങ്കയാണ്.

ആയുഷ് മാത്രെയുടെ നായകത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ടീമിൽ രണ്ട് മലയാളികളുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിൽ കളിക്കുന്ന തൃശൂർ സ്വദേശി മുഹമ്മദ് ഇനാൻ, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് കീഴിൽ കളിക്കുന്ന കോട്ടയം സ്വദേശി ആരോൺ ജോർജ്.

വൈഭവ് സൂര്യവൻശി, വിഹാൻ മൽഹോത്ര, ദീപേഷ് ദേവേന്ദ്രൻ, അഭിഗ്യൻ കുണ്ടു, കനിഷ്ക് ചൗഹാൻ തുടങ്ങി മറ്റ് മികച്ച താരങ്ങളും ടീമിലുണ്ട്. സിംബാബ്‌വെയിലെ ബുലാവായോയിലുള്ള ക്വീൻസ് സ്പോർട്സ് ക്ലബിൽ വച്ചാണ് ഇന്ത്യയും യുഎസ്എയും തമ്മിലുള്ള മത്സരം.