Vaibhav Sooryavanshi: ഇനി ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശി! 15-കാരന് പുതിയ ദൗത്യം
Vaibhav Sooryavanshi Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവ് സൂര്യവംശി ബിഹാര്‍ ടീമിനെ നയിക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സൂര്യവംശി ബിഹാര്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്. 17 അംഗ ടീമിനെയാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവ് സൂര്യവംശി ബിഹാര്‍ ടീമിനെ നയിക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സൂര്യവംശി ബിഹാര്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്. 17 അംഗ ടീമിനെയാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ബിസിഎ) പ്രഖ്യാപിച്ചത്. നവംബര്‍ 14-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബിഹാര്‍ സൗരാഷ്ട്രയെ നേരിടും (Image Credit Source: PTI).

നവംബർ 16-ന് റെയിൽവേസിനെതിരെയാണ് രണ്ടാം മത്സരം. ഈ രണ്ട് മത്സരങ്ങളിലുമാണ് സൂര്യവംശി ബിഹാറിനെ നയിക്കുന്നത്. 15-കാരനായ താരത്തിന് ചെറുപ്രായത്തില്‍ ക്യാപ്റ്റന്‍സി മികവ് കൂടി തെളിയിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. സൂരജ് കശ്യപാണ് വൈസ് ക്യാപ്റ്റന്‍.

ക്യാപ്റ്റന്‍സി ചുമതല സൂര്യവംശിയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ബിസിഎ പ്രസിഡന്റ് ഹർഷവർദ്ധൻ പറഞ്ഞു. വളരെ ചെറുപ്രായത്തിൽ തന്നെ വൈഭവ് മികച്ച കഴിവും ആത്മവിശ്വാസവും പക്വതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഉത്തരവാദിത്തം ഒരു ക്രിക്കറ്റ് താരമെന്ന നിലയിലും ലീഡറെന്ന നിലയിലും വളരാൻ അദ്ദേഹത്തിന് മറ്റൊരു അവസരം കൂടി നൽകും. വൈഭവിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹർഷവർദ്ധൻ പറഞ്ഞതായി ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി സൂര്യവംശിയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ആഭ്യന്തര ടൂര്‍ണമെന്റില്‍ കുട്ടിത്താരത്തെ ക്യാപ്റ്റന്‍സി തേടിയെത്തിയത്. പ്ലേയിങ് ഇലവനില്‍ വല്ലപ്പോഴുമാണ് ഇടം ലഭിക്കുന്നതെങ്കിലും ഇപ്പോള്‍ ദേശീയ ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് വൈഭവ് സൂര്യവംശി. ജൂലൈയില്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. അണ്ടര്‍ 19 ടൂര്‍ണമെന്റുകളിലെയും, ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങളാണ് വൈഭവിന് ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. അടുത്തിടെ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും വൈഭവ് ഉള്‍പ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ കളിച്ചു.