Yash Dayal: യഷ് ദയാലിന് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്ക്; തിരിച്ചടിയായത് ലൈംഗികാതിക്രമ പരാതി
Yash Dayal Barred From Playing Cricket: ആർസിബി പേസർ യഷ് ദയാലിന് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്ക്. മൂന്ന് സ്ത്രീകളുടെ ലൈംഗികാതിക്രമ പരാതിയിലാണ് നടപടി.

ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യഷ് ദയാലിന് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്ക്. ദയാലിനെതിരെ മൂന്ന് സ്ത്രീകൾ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. താരത്തിനെതിരെ പോക്സോ അടക്കം മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു. (Image Credits- PTI)

ഉത്തർ പ്രദേശ് ടി20 ലീഗിൽ മത്സരിക്കുന്നതിനാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. യുപി ടി20 ലീഗിൽ ഗോരഖ്പൂർ ലയൺസിൻ്റെ താരമായിരുന്നു ദയാൽ. താരലേലത്തിൽ ഏഴ് ലക്ഷം രൂപയ്ക്കാണ് യഷ് ദയാലിനെ ഗോരഖ്പൂർ ലയൺസ് ടീമിലെത്തിച്ചത്. ദൈനിക് ജാഗരൻ്റേതാണ് റിപ്പോർട്ട്.

റിപ്പോർട്ട് ചെയ്തത് പ്രകാരം യുപി ടി20 ലീഗിൽ മത്സരിക്കുന്നതിൽ നിന്ന് ദയാലിനെ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ വിലക്കി. എന്നാൽ, ഇത്തരത്തിൽ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗോരഖ്പൂർ ലയൺസ് ഉടമയായ വിശേഷ് ഗൗർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജൂലായ് ആറിനാണ് താരത്തിനെതിരായ ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് താരത്തിനെതിരെ ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. പിന്നാലെ മറ്റൊരു യുവതിയും ദയാലിനെതിരെ രംഗത്തുവന്നു.

രണ്ട് കേസുകൾ രേഖപ്പെടുത്തിയതോടെ യഷ് ദയാൽ ആദ്യ യുവതിക്കെതിരെ മറുപരാതി നൽകി. തന്നിൽ നിന്ന് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പ്രായപൂർത്തിയാവത്ത സമയത്ത് തന്നെ ദയാൽ പീഡിപ്പിച്ചെന്ന് കാട്ടി മറ്റൊരു യുവതിയും പരാതിപ്പെട്ടു. താരത്തിനെതിരെ പോക്സോ കേസും ചുമത്തി.