ആർട്ട് ഓഫ് ലിവിംഗിൽ മഹാശിവരാത്രി ആഘോഷം: ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുടെ സാന്നിധ്യത്തിൽ ലക്ഷങ്ങൾ ഒത്തുചേരും
പൂജകൾ, ഭജനകൾ, വിജ്ഞാനം, അർദ്ധരാത്രി ധ്യാനം എന്നിവ കോർത്തിണക്കിയാണ് രാത്രിയുടനീളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Art Of Living Maha Shivaratri
ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ ഫെബ്രുവരി 15-ന് അതിവിപുലമായ മഹാശിവരാത്രി ആഘോഷങ്ങൾ നടക്കും. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കും. പൂജകൾ, ഭജനകൾ, വിജ്ഞാനം, അർദ്ധരാത്രി ധ്യാനം എന്നിവ കോർത്തിണക്കിയാണ് രാത്രിയുടനീളം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭൗതിക ലോകവും ആത്മീയ ലോകവും തമ്മിലുള്ള പാലമാണ് ശിവരാത്രി. ഇത് കേവലം ആചാരങ്ങൾക്കോ വിനോദത്തിനോ വേണ്ടിയുള്ള ഒന്നല്ല, മറിച്ച് ആഴത്തിലുള്ള ആന്തരിക ധ്യാനത്തിനുള്ള സമയമാണ്. സമാധാനത്തിന് പിന്നാലെ ഓടി നമ്മൾ തളരുമ്പോൾ, നമ്മുടെ ആത്മാവിൽ വിശ്രമിക്കാനുള്ള സമയമാണിത്. അഗാധമായ വിശ്രമത്തിലൂടെ ഊർജ്ജവും സന്തോഷവും വീണ്ടെടുക്കാനുള്ള പവിത്രമായ രാത്രിയാണ് മഹാശിവരാത്രി” ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ‘മഹരുദ്ര പൂജ’. പ്രപഞ്ചത്തിലെ നിഷേധാത്മകത നീക്കം ചെയ്യാനും സമാധാനവും സമൃദ്ധിയും കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ഈ വൈദിക പൂജയിൽ ആയിരക്കണക്കിന് ഭക്തർ നേരിട്ട് പങ്കുചേരും. ശ്രീരുദ്ര മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നടക്കുന്ന ഈ പൂജ ലോകക്ഷേമത്തിനായുള്ള പ്രാർത്ഥന കൂടിയാണ്.
മറ്റ് പ്രധാന പരിപാടികൾ
- മഹാപ്രസാദം: ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഏകദേശം 2.5 മുതൽ 3 ലക്ഷം വരെ ഭക്തർക്കായി മഹാപ്രസാദം തയ്യാറാക്കുന്നുണ്ട്.
- അർദ്ധരാത്രി ധ്യാനം: രാത്രി 11:30-ന് ഗുരുദേവന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക ധ്യാനം ഈ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
- യക്ഷ ഉത്സവങ്ങൾ: ഭാരതീയ ക്ലാസിക്കൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിരുന്നും ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
സമയക്രമം
07:15 PM – 07:45 PM: ഭജനകൾ
07:45 PM – 09:30 PM: മഹാരുദ്ര പൂജ
09:30 PM – 10:30 PM: ഭജനകളും ഗുരുദേവന്റെ സത്സംഗവും
11:30 PM: വിശേഷാൽ അർദ്ധരാത്രി ധ്യാനം
04:00 AM (തുടർന്ന്): മഹാരുദ്ര ഹോമം
ബെംഗളൂരുവിലെ കേന്ദ്രത്തിന് പുറമെ, ഇന്ത്യയിലെ 150-ലധികം നഗരങ്ങളിലും ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ രുദ്രപൂജകൾ സംഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ നഗരങ്ങളിൽ തന്നെ ഈ ആത്മീയ തരംഗങ്ങളിൽ പങ്കുചേരാൻ ഇതിലൂടെ അവസരം ലഭിക്കും. ആഗോള സമാധാനത്തിനും ആത്മീയ ഉണർവിനുമായി സജ്ജമാകുന്ന ഈ മഹാശിവരാത്രി ആഘോഷം ഭക്തിയുടെയും സേവനത്തിന്റെയും ഉത്തമ ഉദാഹരണമായി മാറും.