Eid Ul Fitr 2026: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ
Eid Ul Fitr 2026:പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരങ്ങൾ ഒത്തുചേരും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഇന്ന് വിശ്വാസികൾ പരസ്പരം കൈമാറും. ക്ഷമ, സഹനം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഓരോ ഈദുൽ ഫിത്തറും നൽകുന്ന സന്ദേശം. സക്കാത്തിലൂടെ സ്നേഹവും സമ്പത്തും പങ്കിട്ടു.. ഇഫ്താർ വിരുന്നുകൾ ജാതിമത ഭേദമന്യേ സൗഹൃദങ്ങൾ കെട്ടിപ്പടുത്തു....
ഒരു മാസക്കാലം നീണ്ടുനിന്ന വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് കേരളത്തിലെ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരങ്ങൾ ഒത്തുചേരും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഇന്ന് വിശ്വാസികൾ പരസ്പരം കൈമാറും. ക്ഷമ, സഹനം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഓരോ ഈദുൽ ഫിത്തറും നൽകുന്ന സന്ദേശം. സക്കാത്തിലൂടെ സ്നേഹവും സമ്പത്തും പങ്കിട്ടു.. ഇഫ്താർ വിരുന്നുകൾ ജാതിമത ഭേദമന്യേ സൗഹൃദങ്ങൾ കെട്ടിപ്പടുത്തു.
പള്ളികളിലും ഇദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങൾക്ക് പണ്ഡിതന്മാരും ഇമാമുമാരുമാണ് നേതൃത്വം നൽകുക. ഇതിനൊപ്പം പെരുന്നാൾ പ്രഭാഷണവും ഉണ്ടായിരിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധ ഭീതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെ ഓർമിച്ചു കൊണ്ടും മാനവികത ഉയർത്തിപ്പിടിച്ചും വേണം ആഘോഷങ്ങൾ എന്ന് മത നേതാക്കളും ആഹ്വാനം ചെയ്തു.
ALSO READ:മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
ഗൾഫ് മലയാളികളും ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.. സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇന്ന് ഗൾഫിൽ ഈദുൽ ഫിത്തർ ആഘോഷിക്കുക. നിയന്ത്രണങ്ങളോടെ മേഖലയിൽ ഒട്ടാകെ ഇന്ന് പെരുന്നാൾ പ്രവർത്തനങ്ങൾ നടക്കും. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമാണ് നടക്കുക. ഖുതുബയും ചുരുക്കും. മാത്രമല്ല ചെറിയ പെരുന്നാൾ ആയിരുന്നിട്ടും ദുബായിലെ ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞു തന്നെ കിടക്കും.