Padmanabhaswamy Temple: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ…
Padmanabhaswamy Temple: ക്ഷേത്രത്തിൽ ആനി കളഭാഭിഷേകം നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾ ക്ഷേത്രത്തിൻ്റെ വെബ്സൈറ്റിലും മതിലകം ഓഫീസിലും ലഭ്യമാണ്.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സമയത്തിൽ ഇന്ന് മുതൽ മാറ്റം. ജൂലൈ പതിനാറാം തീയതി ബുധനാഴ്ചവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ സമയക്രമം സംബന്ധിച്ച വാർത്താക്കുറിപ്പ് അധികൃതർ പുറത്തിറക്കി. ക്ഷേത്രത്തിൽ ആനി കളഭാഭിഷേകം നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ജൂലൈ 10, ഇന്ന് മുതൽ പതിനാറാം തീയതി വരെ രാവിലെ 8.30 മുതൽ പത്തുമണി വരെ ദർശനം ഉണ്ടായിരിക്കില്ല. മറ്റ് ദർശന സമയങ്ങളിൽ മാറ്റമില്ല. ഈ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ ഏഴുവരെയും പത്തുമണി മുതൽ 12 വരെയും വൈകിട്ട് 4.30 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയുമാണ് ദർശന സമയം.
ALSO READ: ശിവൻ്റെ ശിഷ്യൻമാരായിരുന്ന സപ്തർഷികൾ, മരണമില്ലാത്തവരോ?
ക്ഷേത്രത്തിൽ ഇന്ന് മുതൽ പതിനാറാം തീയതി വരെ ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ആനി കളഭാഭിഷേകം നടത്തപ്പെടുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ജൂലൈ പതിനാറിന് രാത്രി എട്ട് മണിക്ക് കർക്കിടക ശ്രീബലിയും കാണിക്കയും ഉണ്ടായിരിക്കും. ക്ഷേത്ര ദർശനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ക്ഷേത്രത്തിൻ്റെ വെബ്സൈറ്റിലും മതിലകം ഓഫീസിലും ലഭ്യമാണെന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നുമായി ആളുകൾ എത്തുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേക ചടങ്ങുകൾ നടന്നിരുന്നു. ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികൾക്ക് ശേഷമാണ് ദിവസങ്ങൾ നീണ്ടുനിന്ന ചടങ്ങുകളോടെ കുംഭാഭിഷേക ചടങ്ങ് നടത്തിയത്.