Sabarimala: ശബരിമല മണ്ഡല പൂജ; വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ
Sabarimala Mandala Pooja, Virtual queue booking: വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർ ആ ദിവസങ്ങളിൽ തന്നെ ദർശനത്തിനെത്താൻ ശ്രദ്ധിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

Sabarimala
സന്നിധാനം: ശബരിമല മണ്ഡല പൂജയ്ക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് (ഡിസംബർ 11) മുതൽ ആരംഭിക്കുന്നു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള ബുക്കിങ്ങാണ് ഇന്ന് ആരംഭിക്കുന്നത്. വൈകിട്ട് 5 മണി മുതൽ sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ലഭിക്കുന്നത്. സ്പോട്ട് ബുക്കിങ് വഴി അയ്യായിരം ഭക്തരെ വീതവും ഈ ദിവസങ്ങളിൽ ദർശനത്തിനായി അനുവദിക്കും. സന്നിധാനത്ത് തിരക്ക് കൂടുന്നത് ഒഴിവാക്കാൻ പമ്പയിലും നിലയ്ക്കലും തിരക്ക് നിയന്ത്രിക്കും.
നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും 24 മണിക്കൂറും തടസ്സമില്ലാതെ തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളുമാണ് പ്രവർത്തിക്കുന്നത്. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500 ഓളം ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർ ആ ദിവസങ്ങളിൽ തന്നെ ദർശനത്തിനെത്താൻ ശ്രദ്ധിക്കണമെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, ആരോഗ്യപ്രശ്നങ്ങളുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ തുടങ്ങിയവർ കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്നും എഡിഎം നിർദ്ദേശിച്ചിട്ടുണ്ട്. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരം നിർദേശങ്ങൾ നൽകിയിരിക്കുന്നത്.