Vettikkottu Ayilyam 2026: മനസ്സും ശരീരവും സർപ്പപാദങ്ങളിൽ അർപ്പിക്കാൻ ഭക്തർ…; വെട്ടിക്കോട്ട് ആയില്യം നാളെ
Vettikkottu Ayilyam 2026 Update: സർപ്പദോഷ പരിഹാരത്തിനും ഐശ്വര്യ ലബ്ധിക്കുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ആയില്യ നാളിൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദർശിച്ച് സായുജ്യമടയാൻ ഇന്ന് വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളെത്തും. പൂയം നാളായ ഇന്ന് വൈകിട്ടത്തെ ദീപാരാധന വളരെ പ്രശസ്തമാണ്.
ആലപ്പുഴ: കേരളത്തിലെ പ്രശസ്തമായ നാഗാരാധനാ കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയിലെ കായംകുളം വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവം നാളെ (ഒക്ടോബർ 6 ചൊവ്വ). സർപ്പദോഷ പരിഹാരത്തിനും ഐശ്വര്യ ലബ്ധിക്കുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ആയില്യ നാളിൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദർശിച്ച് സായുജ്യമടയാൻ ഇന്ന് വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളെത്തും.
പൂയം നാളായ ഇന്ന് വൈകിട്ടത്തെ ദീപാരാധന വളരെ പ്രശസ്തമാണ്. പൂയം നാളിൽ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദർശിക്കുന്നത് അസുലഭഭാഗ്യമായാണ് ഭക്തർ വിശ്വസിക്കുന്നത്. ദീപാരാധനയ്ക്ക് ശേഷം പലവിധ വാദ്യങ്ങൾ മുഴക്കി ഭഗവാനെ സേവിക്കും. വെട്ടിക്കോട്ടായില്യത്തിന്റെ പൂയംനാളിലെ ദീപാരാധന ദർശിക്കുന്നതിന് രാവിലെ മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളെത്തി തുടങ്ങും.
ALSO READ: നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
വെട്ടിക്കോട്ട് ആയില്യത്തിന്റെ പ്രാധാന്യം
കേരളസൃഷ്ടിക്ക് ശേഷം പരശുരാമൻ സർപ്പദോഷ പരിഹാരത്തിനായി സ്ഥാപിച്ച ആദ്യത്തെ നാഗരാജാവിന്റെ വിഗ്രഹമാണ് വെട്ടിക്കോട്ടേത് എന്നാണ് വിശ്വാസം. കന്നി മാസത്തിലെയും തുലാം മാസത്തിലെയും ആയില്യം നക്ഷത്രങ്ങൾ നാഗരാജാവിന് ഏറെ പ്രീയപ്പെട്ടതാണ്. ഈ ദിനത്തിൽ നടത്തുന്ന പൂജകളും വഴിപാടുകളും നാഗ പ്രീതിക്ക് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു. സർപ്പദോഷങ്ങൾ, സന്താനതടസ്സങ്ങൾ, ചർമ്മരോഗങ്ങൾ, കുടുംബത്തിലെ അശാന്തി എന്നിവ മാറി ഐശ്വര്യവും സർവ്വകാര്യ വിജയവും ലഭിക്കാൻ ആയില്യദർശനം സഹായിക്കുമെന്നാണ് വിശ്വാസം.
ആയില്യം നാളിൽ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും തിരുരൂപങ്ങൾ കാവിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് വളരെ ഭക്തിനിർഭരമാണ്. തുടർന്ന് പുള്ളുവൻപാട്ടിന്റെ അകമ്പടിയോടെ സർപ്പബലിയും നടക്കും. നാഗരാജാവിനും പരിവാരമൂർത്തികൾക്കും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൽപ്പിച്ച വഴിപാടാണ് നൂറും പാലും. ആയില്യം ദിനത്തിലെ പൂജകൾക്ക് ശേഷം ക്ഷേത്രമേൽശാന്തിയുടെ നേതൃത്വത്തിൽ സർപ്പക്കാവുകളിൽ പുണ്യാഹം തളിക്കുന്ന ചടങ്ങോടെ ആയില്യപൂജകൾ പൂർത്തിയാകും.
പുണർതം, പൂയം, ആയില്യം ദിനങ്ങളായ ഒക്ടോബർ 4, 5, 6 ദിവസങ്ങളിലാണ് ഇക്കൊല്ലം ഇവിടെ വിശേഷാൽ മഹോത്സവം നടക്കുന്നത്. വെട്ടിക്കോട്ടെ ആചാരങ്ങൾ മറ്റുനാഗ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കന്നിയിലെ പൂയം നാളിൽ മാത്രമേ ഇവിടെ ദീപാരാധനയുള്ളൂ. മറ്റ് ദിവസങ്ങളിൽ വൈകുന്നേരം സാധാരണ വിളക്ക് വയ്പ് മാത്രം നടക്കും. കന്നിയിലെ ആയില്യം വെട്ടിക്കോട്ട് ആയില്യം എന്ന പേരിൽ ദേവന്റെ തിരുനാളായാണ് കൊണ്ടാടുന്നത്.
ആയില്യ ദിവസം വെളുപ്പിന് നട തുറന്ന് നിർമ്മാല്യം കഴിഞ്ഞാൽ അഭിഷേകം, ഉഷപൂജ, ഉച്ചപൂജ നൂറും പാലും എന്നിവയ്ക്കു ശേഷം ഉച്ചയോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാഗാരാജാവിനെ മേപ്പള്ളിൽ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഇത് തൊഴുന്നവർക്ക് ഒരു വർഷത്തേക്ക് വിഷഭയമുണ്ടാകില്ല എന്നാണ് വിശ്വാസം. സന്ധ്യയ്ക്കാണ് സർപ്പബലി. രാത്രി 10 മണിയോടെ നട അടയ്ക്കും. മകം ദിവസം രാവിലെ ഇളനീരഭിഷേകം നടത്തി ശുദ്ധകലശത്തോടെ ആയില്യചടങ്ങ് പൂർണ്ണമാകും.
English Summary:
Vettikkottu Ayilyam 2026 is celebrated, Tuesday, October 6. Discover the divine speciality of Ayilyam Pooja, Noorum Palum offerings, Sarpabali rituals, and darshan timings at Vettikatt Sree Nagaraja Temple.