FIFA World Cup 2026: ആദ്യം റോണോ കയറി, പിന്നെ മെസിയും! 2026 ഫിഫ ലോകകപ്പ് കളിക്കാരിൽ ‘ഇങ്ങനെ’ ഇവർ രണ്ട് പേർ മാത്രം
2026 FIFA World Cup: 2026 ഫിഫ വേൾഡ്കപ്പ് കളിക്കാരിൽ ബില്യണയർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രണ്ടേ രണ്ട് കളിക്കാർ മാത്രമാണ് ഉള്ളത്, അർജന്റീനയുടെ നായകൻ ലയണൽ മെസിയും പോർചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അത്. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായി മാറിയ രണ്ട് കളിക്കാരാണ് ഇരുവരും.
ഫിഫ വേൾഡ്കപ്പ് 2026 ന്റെ ആവേശം ലോകമെമ്പാടും കൂടുതൽ ചൂടുപിടിച്ചുവരികയാണ്. കാൽപ്പന്ത് കളിയുടെ മാമാങ്കത്തെ വരവേൽക്കാനുള്ള മലയാളിയുടെ തയാറെടുപ്പുകൾ പലതും ഇതിനകം ആഗോളതലത്തിൽ തന്നെ വൈറലായിക്കഴിഞ്ഞു. ബ്രസീൽ ഫാൻസ് സ്ഥാപിച്ച കൂറ്റൻ ഫ്ലെക്സിന്റെ വീഡിയോ ഇതിനകം സാക്ഷാൽ നെയ്മറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും ഇടംപിടിച്ചുകഴിഞ്ഞു. ബ്രസീലിന്റെ മാത്രമല്ല, പല ടീമുകളുടെയും കളിക്കാരുടെയും ലക്ഷങ്ങൾ മുടക്കിയുള്ള ബാനറുകളും കട്ടൗട്ടുകളുമാണ് കേരളത്തിന്റെ പലയിടങ്ങളിലും ഇതിനകം ആരാധകർ സ്ഥാപിച്ചിരിക്കുന്നത്. ബ്രസീൽ, അർജന്റീന, പോർചുഗൽ എന്നീ ടീമുകളുടെ ആരാധകരാണ് ഇക്കാര്യത്തിൽ പ്രധാനമായും മത്സരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഒരു കോണിൽ കോടികൾ മുടക്കിയുള്ള ലോകകപ്പ് മത്സരം നടക്കുമ്പോൾ അതിന് അഭിവാദ്യമർപ്പിച്ച് ഇങ്ങ് കേരളത്തിൽ ലക്ഷങ്ങൾ മുടക്കിയുള്ള ഫ്ലെക്സ് മത്സരവും പൊടിപൊടിക്കുകയാണ്.
ജോലിയുള്ളവരും ഇല്ലാത്തവരുമായ ആരാധകർ സ്വന്തം പോക്കറ്റിൽ നിന്ന് പണം സംഭാവന ചെയ്തും വിദേശങ്ങളിലുള്ള പ്രവാസികളായ ആരാധകരുടെ പിന്തുണയോടെയുമൊക്കെയാണ് ഫ്ലക്സ് നിരത്തി ലോകകപ്പ് ആവേശം കൊഴുപ്പിക്കുന്നത്. ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് ലോകകപ്പ് സമയത്ത് പോലും നമ്മുടെ നാട്ടിലെ ആരാധകർ ഇത്രയും ആവേശം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല. ക്രിക്കറ്റിൽ ഇന്ത്യ കളിക്കുമ്പോൾ എല്ലാവരും ഇന്ത്യൻ ഫാൻസ് തന്നെ, അവിടെ മത്സരത്തിന് ഇടമില്ല. എന്നാൽ ഫുട്ബോളിൽ അതല്ല സ്ഥിതി.
ക്രിക്കറ്റിനെക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. മലയാളിയുടെ ഫുട്ബോൾ ആരാധന ഇതിനകം രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്തായാലും കൈയയച്ച് പണമിറക്കി ആരാധകർ ഫിഫ ലോകകപ്പ് ആഘോഷിക്കുന്നു. മറുവശത്ത് കളിയിൽ നിന്ന് കോടികൾ സമ്പാദിച്ച ചിലർ ഈ ലോകകപ്പിലും പന്ത് തട്ടാനിറങ്ങുന്നു. 2026 ലോകകപ്പിലെ ബില്യണയർ കളിക്കാർ ആരൊക്കെ എന്ന് പരിചയപ്പെടാം.
Also Read: FIFA World Cup 2026: ഫിഫ ലോകകപ്പ് എങ്ങനെ കാണാം? ഒന്നല്ല, പല മാര്‍ഗങ്ങള്‍
ബില്യണയർ മെസി, ബില്യണയർ റോണോ
2026 ഫിഫ വേൾഡ്കപ്പ് കളിക്കാരിൽ ബില്യണയർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രണ്ടേ രണ്ട് കളിക്കാർ മാത്രമാണ് ഉള്ളത്, അർജന്റീനയുടെ നായകൻ ലയണൽ മെസിയും പോർചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അത്. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായി മാറിയ രണ്ട് കളിക്കാരാണ് ഇരുവരും. കളിക്കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, കളത്തിന് പുറത്തും മെസിയും റൊണാൾഡോയും താരതമ്യം ചെയ്യപ്പെടുന്നു.
സമ്പത്തിന്റെ കാര്യമെടുത്താൽ, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത രണ്ട് കളിക്കാർ ആണ് മെസിയും റോണോയും. നിലവിൽ ഇവർ രണ്ട് പേരും ബില്യണയർ ആണ്. ഒരു വ്യക്തിയെ അന്താരാഷ്ട്ര തലത്തിൽ ബില്യണയർ എന്ന് വിളിക്കണമെങ്കിൽ അദ്ദേഹത്തിന് 1 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള ആസ്തി ഉണ്ടായിരിക്കണം. ഇന്ത്യൻ രൂപയിൽ ഇതിന്റെ മൂല്യം ഏകദേശം 8,300 കോടിയിലധികം വരും (ഡോളർ നിരക്കിലെ മാറ്റങ്ങൾക്കനുസരിച്ച് ഇത് മാറാം).
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ബില്യണയർ പദവിയിലെത്തിയ താരമാണ് റൊണാൾഡോ. ഏകദേശം $1.2 Billion – $1.4 Billion (ഏകദേശം 10,000 കോടിയിലധികം ഇന്ത്യൻ രൂപ) ആസ്തി റോണോയ്ക്ക് ഉണ്ട് എന്നാണ് കണക്ക്. സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസറിലെ വൻ തുകയുടെ കരാർ, നൈക്കിയുമായുള്ള ആജീവനാന്ത കരാർ, സ്വന്തം ബ്രാൻഡായ ‘CR7’ (ഹോട്ടലുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ), സോഷ്യൽ മീഡിയ വരുമാനം എന്നിവയാണ് ബില്യണയർ നേട്ടത്തിലേക്ക് റോണോയെ എത്തിച്ചത്.
ലയണൽ മെസി
അടുത്തിടെ ബില്യണയർ ക്ലബ്ബിൽ ഇടംപിടിച്ചുകൊണ്ട്, കളിക്കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിലെന്നപോലെ സമ്പത്തിന്റെ കാര്യത്തിലും മെസി റോണോയോട് മത്സരം തുടരുന്നു. $1.1 Billion (ഏകദേശം 9,100 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് മെസിയുടെ ഏകദേശ ആസ്തി. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലെ വരുമാനം, ആപ്പിൾ, അഡിഡാസ് എന്നിവയുമായുള്ള ലാഭവിഹിത കരാറുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, സ്വന്തം ബ്രാൻഡായ ‘Más+ by Messi’ എന്ന എനർജി ഡ്രിങ്ക് എന്നിവയാണ് മെസ്സിയുടെ പ്രധാന വരുമാന സ്രോതസ്സുകൾ.
എഴുതിയത്: പ്രശാന്ത് കുമാര്‍.
English Summary
Among the players playing in the 2026 FIFA World Cup, there are two players who have made it to the billionaire list, Argentina’s captain Lionel Messi and Portugal’s captain Cristiano Ronaldo. Both are two players who have become legends in world football. Ronaldo is the first player in football history to become a billionaire. It is estimated that Ronaldo has an asset of approximately $ 1.2 Billion – $ 1.4 Billion (approximately more than 10,000 crore Indian rupees).