Indian Football: ഇന്ത്യന്‍ ഫുട്‌ബോളിന്റെ രക്ഷകന്‍ അവതരിക്കുമോ? പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 170 പേര്‍; പട്ടികയില്‍ വമ്പന്‍മാരും
Indian Football Team Coach Applicants: അന്റോണിയോ ലോപ്പസ് ഹബാസും സെർജിയോ ലോബേറയും എഐഎഫ്എഫിന് മുന്നിലുള്ള ഓപ്ഷനുകളാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ച പരിചയമുള്ളവരാണ് രണ്ടുപേരും എന്നത് അനുകൂലഘടകമാണ്

ഫുട്‌ബോള്‍ പരിശീലനം
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചത് 170 പേര്‍. കഴിഞ്ഞ തവണ 291 പേരായിരുന്നു അപേക്ഷകര്‍. ഇത്തവണ അത്രയും അപേക്ഷകരില്ലെന്നതാണ് ശ്രദ്ധേയം. മനോലോ മാര്‍ക്വേസ് രാജിവച്ച പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) പുതിയ പരിശീലകനെ തേടുന്നത്. ജൂലൈ രണ്ടിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മനോലോയുടെ രാജി സ്വീകരിച്ചത്. ജൂലൈ നാലിന് പുതിയ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിച്ചത് ആരൊക്കെയാണെന്ന് എഐഎഫ്എഫ് വെളിപ്പെടുത്തിയിട്ടില്ല.
മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവെൽ, മുൻ ബ്രസീൽ അണ്ടർ 17 പരിശീലകൻ കയോ സനാർഡി, മുൻ ബാഴ്‌സലോണ റിസർവ് മാനേജർ ജോർഡി വിനിയാൽസ് എന്നിവർ ഇതിൽ ഉൾപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
താജിക്കിസ്ഥാൻ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ മുൻ പരിശീലകനായ പീറ്റർ സെഗ്രട്ടും അപേക്ഷിച്ചതായാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ മുന്‍ കോച്ചായ സ്റ്റീഫൻ കോൺസ്റ്റന്റൈനും പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്.
2022-23 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു കോൺസ്റ്റന്റൈൻ. ഐഎസ്എല്ലില്‍ വിവിധ ക്ലബുകളുടെ പരിശീലകരായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസും സെർജിയോ ലോബേറയും എഐഎഫ്എഫിന് മുന്നിലുള്ള ഓപ്ഷനുകളാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് രണ്ടുപേരും എന്നത് അനുകൂലഘടകമാണ്. പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ ഇന്ത്യക്കാരുമുണ്ട്. ഖാലിദ് ജാമിൽ, സഞ്ജോയ് സെൻ, സന്തോഷ് കശ്യപ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍.