Kerala Blasters: പൊയ്‌ക്കോ എന്ന് ബ്ലാസ്‌റ്റേഴ്‌സ്, ഉടനെ തന്നെ സ്ഥലം കാലിയാക്കി ഹെസൂസ്; മറ്റ് താരങ്ങളോ?
Know why Kerala Blasters allowed players to leave the team: താരങ്ങളെ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചില്ലെന്നും, അവര്‍ക്ക് മറ്റ് തടസങ്ങളില്ലാതെ മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്തതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു
ഐഎസ്എല്ലിനെ വരിഞ്ഞുമുറുക്കുന്ന അനിശ്ചിതത്തെ തുടര്‍ന്നായിരുന്നു സ്പാനിഷ് താരം ഹെസൂസ് ഹിമെനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. കഴിഞ്ഞ തവണ ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരുന്നു ഹെസൂസ്. എക്‌സ്ട്രാക്ലാസയിൽ കളിക്കുന്ന പോളിഷ് ക്ലബ്ബ് ബ്രൂക്ക് ബെറ്റ് ടെർമാലിക്ക നീസെക്‌സയിലേക്കാണ് താരം ചേക്കേറിയത്. ഹെസൂസിന്റെ ഏജന്‍സിയായ മെസ സ്‌പോര്‍ട്ടും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ പരസ്പര ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് താരം ടീം വിട്ടത്. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ഐഎസ്എല്ലുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം അപ്രതീക്ഷിതമായ വഴിപിരിയലിലേക്ക് കലാശിക്കുകയായിരുന്നു.
ഹെസൂസ് അടക്കമുള്ള താരങ്ങള്‍ക്ക് വേണമെങ്കില്‍ ക്ലബ് വിടാമെന്ന ഓഫര്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നോട്ടുവച്ചത്. ഹെസൂസ് ഉടന്‍ തന്നെ തീരുമാനമെടുത്തു. അഡ്രിയാന്‍ ലൂണയടക്കമുള്ള മറ്റ് വിദേശ താരങ്ങളുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും താരങ്ങളുടെ തുടര്‍നീക്കം എന്തെന്ന് വ്യക്തമല്ല. മിലോസ് ഡ്രിൻസിച്, ക്വാമെ പെപ്ര തുടങ്ങിയവര്‍ നേരത്തെ ടീം വിട്ടിരുന്നു.
താരങ്ങളെ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചില്ലെന്നും, അവര്‍ക്ക് മറ്റ് തടസങ്ങളില്ലാതെ മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്തതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ട്രാൻസ്ഫർ ഫീസ് ആവശ്യപ്പെടുകയോ അവർക്ക് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ എക്സിറ്റ് ബുദ്ധിമുട്ടാക്കുകയോ ചെയ്യില്ലെന്ന് താരങ്ങളോട് ക്ലബ് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.




എന്നാല്‍ ഹെസൂസ് മാത്രമാണ് തീരുമാനമെടുത്തത്. ചിലപ്പോള്‍ ഇത്തവണ ഐഎസ്എല്‍ നടക്കില്ല. അല്ലെങ്കില്‍ വൈകിയാകാം ആരംഭിക്കുന്നത്. എന്തായാലും ഈ മോശം സാഹചര്യത്തില്‍ ‘നിങ്ങള്‍ക്ക് അത് നേരത്തെ അറിയിക്കാമായിരുന്നു’ എന്ന് താരങ്ങള്‍ പറയേണ്ട സാഹചര്യമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ താരങ്ങള്‍ക്ക് പോകാന്‍ ബ്ലാസ്‌റ്റേഴ്‌സ് അനുവാദം നല്‍കിയെങ്കിലും മറ്റ് പല ക്ലബുകളും അത്തരമൊരു തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. കുറഞ്ഞത് നാലു ക്ലബുകളെങ്കിലും കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്നും, തനിക്ക് ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് മാത്രമേ സംസാരിക്കാനാകൂവെന്നും ചാറ്റര്‍ജി വ്യക്തമാക്കി.
ഓരോ ക്ലബുകള്‍ക്കും വ്യത്യസ്തമായ തന്ത്രങ്ങളാണുള്ളത്. വിദേശത്തെ അപേക്ഷിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റ് വ്യത്യസ്തമാണ്. തിരശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ തയ്യാറാകാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ടൂര്‍ണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ എഐഎഫ്എഫ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 10 വര്‍ഷത്തേക്ക് രാജ്യത്തെ ടോപ്പ് ടയര്‍ ലീഗായി ഐഎസ്എല്‍ തുടരണമെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഗ്രഹമെന്നും, എന്നാല്‍ പ്രമോഷന്‍, റെലിഗേഷന്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ എഐഎഫ്എഫ് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തമായ കലണ്ടര്‍ വിന്‍ഡോയോടെ 10 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്താന്‍ എഫ്എസ്ഡിഎല്ലിന് കരാര്‍ നല്‍കാനും, പൂര്‍ണ വാണിജ്യ സ്വാതന്ത്ര്യം നല്‍കാനും ഫെഡറേഷന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടിലുണ്ട്.