Kerala Blasters: ഐഎസ്എല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് തിരക്കിലാണ്; മലയാളിതാരവുമായുള്ള കരാര്‍ പുതുക്കി
Kerala Blasters signs new contract with Sreekuttan MS: സൂപ്പര്‍ കപ്പില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. മോഹന്‍ ബഗാനെതിരെ ഗോളടിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധേയനായി. മൈതാനത്ത് പുറത്തെടുക്കുന്ന വേഗതയും കായികക്ഷമതയുമാണ് ശ്രീക്കുട്ടന്റെ മുഖമുദ്ര. മുന്നേറ്റനിരയില്‍ താരം തിളങ്ങുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ
മലയാളിതാരം എംഎസ് ശ്രീക്കുട്ടനുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കി. പുതിയ കരാര്‍ പ്രകാരം 2027 മെയ് വരെ താരം ക്ലബില്‍ തുടരും. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടന്‍ മുന്നേറ്റ താരമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന യുവപ്രതിഭയാണ് ശ്രീക്കുട്ടന്‍. 2022ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിനൊപ്പം ചേര്‍ന്നു. ഡ്യൂറന്റ് കപ്പ്, ഡെവലപ്‌മെന്റ് ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. റിസര്‍വ് ടീമില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.
2023-24 സീസണില്‍ സീനിയര്‍ ടീമിലെത്തി. ഈ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. മോഹന്‍ ബഗാനെതിരെ ഗോളടിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധേയനായി. മൈതാനത്ത് പുറത്തെടുക്കുന്ന വേഗതയും കായികക്ഷമതയുമാണ് ശ്രീക്കുട്ടന്റെ മുഖമുദ്ര. മുന്നേറ്റനിരയില്‍ താരം തിളങ്ങുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.
യുവതാരങ്ങളെ പ്രത്യേകിച്ചും മലയാളികളെ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ശ്രീക്കുട്ടന്‍ കഠിനാധ്വാനത്തിലൂടെ വളര്‍ന്നുവന്ന താരമാണ്. ശ്രീക്കുട്ടന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേരുന്നുവെന്നും അഭിക് ചാറ്റര്‍ജി പറഞ്ഞു.




റിസര്‍വ് ടീമിനൊപ്പം ക്ഷമയോടെയും അച്ചടക്കത്തോടെയും വളര്‍ന്നു വന്ന താരമാണ് ശ്രീക്കുട്ടനെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. ഗോള്‍ സ്‌കോറിങിനുള്ള കഴിവുള്ള താരമാണ്. സൂപ്പര്‍ കപ്പില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീക്കുട്ടന്റെ വളര്‍ച്ചയ്ക്ക് മികച്ച പരിശീലനം നല്‍കുമെന്നും സ്‌കിങ്കിസ് വ്യക്തമാക്കി. ഐഎസ്എല്ലില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി ശ്രീക്കുട്ടന്‍ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഐഎസ്എല്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഹെസൂസ് ഹിമെന, മിലോസ് ഡ്രിൻസിച്ച്, ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത, സൗരവ് മണ്ഡല്‍, കമല്‍ജിത് സിങ് തുടങ്ങിയ താരങ്ങള്‍ ടീം വിട്ടു. ആമി റണവാഡെ, അർഷ് ഷെയ്ഖ് എന്നീ താരങ്ങള്‍ മാത്രമാണ് പുതിയതായി ടീമിലെത്തിയത്.