Ankit Sharma: ജലജിന് പറ്റിയ പകരക്കാരന്‍, ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത് അങ്കിത് ശര്‍മ
Ankit Sharma all round brilliance: അങ്കിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തുകയും അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ജലജ് സക്‌സേനയ്ക്ക് പകരമാണ് അങ്കിത് കേരള ടീമിലെത്തിയത്. ജലജിന് അനുയോജ്യനായ പകരക്കാരനാണ് താനെന്ന് അങ്കിത് തെളിയിച്ചു
മൊഹാലി: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് കേരളത്തിന്റെ അതിഥി താരം അങ്കിത് ശര്‍മ. ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത താരം നാല് വിക്കറ്റ് വീഴ്ത്തുകയും അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ജലജ് സക്‌സേനയ്ക്ക് പകരമാണ് അങ്കിത് കേരള ടീമിലെത്തിയത്. ജലജിന് അനുയോജ്യനായ പകരക്കാരനാണ് താനെന്ന് അങ്കിത് തെളിയിച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ കേരളം രണ്ട് വിക്കറ്റിന് 123 എന്ന നിലയിലാണ്. 140 പന്തില്‍ 60 റണ്‍സുമായി അങ്കിതും, 50 പന്തില്‍ 30 റണ്‍സുമായി രോഹന്‍ കുന്നുമ്മലുമാണ് ക്രീസില്‍.
പഞ്ചാബിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 313 റണ്‍സ് പിറകിലാണ് കേരളം. 18 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും, നാല് റണ്‍സെടുത്ത എന്‍ ബേസിലുമാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബ് 436 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍ ഹര്‍നൂര്‍ സിങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. താരം 343 പന്തില്‍ 170 റണ്‍സെടുത്തു.
ഒമ്പതാമനായി ബാറ്റിങിന് എത്തിയ പ്രേരിത് ദത്ത 72 റണ്‍സെടുത്ത് ഞെട്ടിച്ചു. പത്താം നമ്പര്‍ ബാറ്റര്‍ മായങ്ക് മാര്‍ഖണ്ഡെ 48 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 105 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കേരളത്തിന് തലവേദനയായത്.
Also Read: Ranji Trophy 2025: തലപൊക്കി വാലറ്റം; കേരളത്തിനെതിരെ പടുകൂറ്റൻ സ്കോറുമായി പഞ്ചാബ്
37 റണ്‍സെടുത്ത ഉദയ് സഹാറന്‍, ആറു റണ്‍സെടുത്ത രമണ്‍ദീപ് സിങ്, 28 റണ്‍സെടുത്ത ക്രിഷ് ഭഗത്, നാല് റണ്‍സെടുത്ത ആയുഷ് ഗോയല്‍ എന്നിവരുടെ വിക്കറ്റുകളാണ് അങ്കിത് വീഴ്ത്തിയത്. എന്‍ ബേസിലും, ബാബ അപരാജിതും രണ്ട് വിക്കറ്റ് വീതവും, എംഡി നിധീഷും, അഹമ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.