Sanju Samson: കീപ്പിങ് ഗ്ലൗവിൽ പരിശീലിച്ച് സഞ്ജു സാംസൺ; ഓസ്ട്രേലിയക്കെതിരെ കളിക്കുമെന്ന് സൂചന
Sanju Samson Training: ഓസ്ട്രേലിയക്കെതിരെ സഞ്ജു സാംസൺ തന്നെ ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പറാവുമെന്ന് സൂചന. സഞ്ജുവിൻ്റെ പരിശീലന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു തന്നെ പ്രധാന വിക്കറ്റ് കീപ്പറെന്ന് സൂചന. ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ ടീമിൽ സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞ് പരിശീലനം നടത്തുകയാണ്. സഞ്ജുവിൻ്റെ പരിശീലന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഓപ്പണറായി തകർപ്പൻ പ്രകടനങ്ങൾ നടത്തിവന്ന സഞ്ജുവിനെ ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറിലേക്ക് മാറ്റിയിരുന്നു. അഞ്ചാം നമ്പറിലും ഒരു ഫിഫ്റ്റി അടക്കം സഞ്ജു മികച്ച പ്രകടനങ്ങൾ നടത്തി. ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവിനെ ബാക്കപ്പ് കീപ്പറായാണ് സെലക്ടർമാർ ഉൾപ്പെടുത്തിയത്. എന്നാൽ, ഒന്നാം വിക്കറ്റ് കീപ്പറായ ജിതേഷിനെ മറികടന്ന് സഞ്ജുവിനാണ് ടീം മാനേജ്മെൻ്റ് അവസരം നൽകിയത്. ഏഷ്യാ കപ്പിൽ മികച്ചുനിന്നതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ താരത്തെ പ്രധാന വിക്കറ്റ് കീപ്പറാക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഈ പരമ്പരയിലും ജിതേഷ് ശർമ്മയെ ഒന്നാം വിക്കറ്റ് കീപ്പറാക്കിയ സെലക്ടർമാർ സഞ്ജുവിനെ ബാക്കപ്പ് കീപ്പറാക്കി.




നിലവിൽ പുറത്തുവരുന്ന ദൃശ്യങ്ങൾ പരിഗണിക്കുമ്പോൾ സഞ്ജു തന്നെ ടീമിൽ തുടരും. സെലക്ടർമാർ സഞ്ജുവിനെ ബാക്കപ്പ് കീപ്പറായാണ് പരിഗണിക്കുന്നതെങ്കിലും പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും മലയാളി താരത്തെ അവസാന ഇലവനിൽ ഉൾപ്പെടുത്താറുണ്ട്.
അഞ്ച് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ബാറ്റിംഗ് നിരയിൽ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ജിതേഷ് ശർമ്മ, റിങ്കു സിംഗ് തുടങ്ങിയവർക്ക് അവസരം നൽകുന്നതിനൊപ്പം സഞ്ജുവിനെ മൂന്നാം നമ്പറിലും അക്സറിനെ നാലാം നമ്പറിലും പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
ഈ മാസം 29നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ എട്ടിന് അവസാനിക്കും. 2026 ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് വളരെ നിർണായകമാണ് ഈ പരമ്പര.