Ashes 2025: ഹെയ്ഡൻ നഗ്നനായി നടക്കേണ്ട!; മുൻ ഓസീസ് താരത്തെ രക്ഷിച്ച് ജോ റൂട്ടിൻ്റെ സെഞ്ചുറി
Joe Root Century Saved Hayden: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ജോ റൂട്ടിന് സെഞ്ചുറി. ഇതോടെ ഓസീസ് മുൻ താരം ഹെയ്ഡനെ നഗ്നനായി നടക്കുന്നതിൽ നിന്ന് റൂട്ട് രക്ഷിക്കുകയും ചെയ്തു.

ജോ റൂട്ട്, മാത്യു ഹെയ്ഡൻ
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുന്നതിൽ നിന്ന് മുൻ ഓസീസ് താരം മാത്യു ഹെയ്ഡനെ രക്ഷിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ആഷസ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ചുറി നേടിയില്ലെങ്കിൽ താൻ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്നായിരുന്നു ഹെയ്ഡൻ്റെ പ്രഖ്യാപനം. ഇന്ന് ആരംഭിച്ച മത്സരത്തിൽ റൂട്ട് സെഞ്ചുറി കണ്ടെത്തിയതോടെ ഹെയ്ഡൻ രക്ഷപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ സെപ്തംവറിൽ ഓൾ ഓവർ ദി ബാർ ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹെയ്ഡൻ്റെ വെല്ലുവിളി. ആഷസ് പരമ്പരയ്ക്കിടെ ജോ റൂട്ട് ഒരു സെഞ്ചുറിയെങ്കിലും നേടിയില്ലെകിൽ താൻ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് ഹെയ്ഡൻ പറഞ്ഞു. ആഷസിൻ്റെ ചരിത്രത്തിൽ ഇതുവരെ ജോ റൂട്ട് ഓസ്ട്രേലിയയിൽ സെഞ്ചുറി നേടിയിരുന്നില്ല.
ഹെയ്ഡൻ്റെ വെല്ലുവിളി ഇൻസ്റ്റഗ്രാം ഹാൻഡിലിലും ഓവർ ദി ബാർ ക്രിക്കറ്റ് പോഡ്കാസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് ഹെയ്ഡൻ്റെ മകളും ക്രിക്കറ്റ് കമൻ്റേറ്ററുമായ ഗ്രേസ് ഹെയ്ഡൻ കമൻ്റ് ചെയ്തതും ശ്രദ്ധേയമായി. റൂട്ടിനെ ടാഗ് ചെയ്ത്, ‘ദയവായി സെഞ്ചുറി നേടൂ’ എന്നായിരുന്നു ഗ്രേസിൻ്റെ കമൻ്റ്.
ഇത് ഓസ്ട്രേലിയയിൽ താരത്തിൻ്റെ ആദ്യ സെഞ്ചുറിയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. 135 റൺസുമായി ജോ റൂട്ടും 26 പന്തിൽ 32 റൺസുമായി ജോഫ്ര ആർച്ചറും ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് 10ആം വിക്കറ്റിൽ അപരാജിതമായ 61 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് വീഴ്ത്തി. റൂട്ടിനെ കൂടാതെ ഇംഗ്ലണ്ടിനായി 76 റൺസ് നേടിയ സാക്ക് ക്രോളിയും തിളങ്ങി. പിന്നീട് ഇംഗ്ലണ്ട് നിരയിലെ ഉയർന്ന സ്കോർ ആർച്ചറിനാണ്.