Asia Cup 2025: അഞ്ചോവര്‍ പോലും വേണ്ടിവന്നില്ല; യുഎഇയെ തരിപ്പണമാക്കി ഇന്ത്യ
Asia Cup 2025 India beat UAE by nine wickets: യുഎഇയെ 9 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. വിജയലക്ഷ്യമായ 58 റണ്‍സ് 4.3 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ വിജയം അനായാസമാക്കി. 16 പന്തില്‍ 30 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്
ദുബായ്: ഏഷ്യാ കപ്പില്‍ തുടക്കം ഗംഭീരമാക്കി ഇന്ത്യ. ആതിഥേയരായ യുഎഇയെ 9 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. വിജയലക്ഷ്യമായ 58 റണ്‍സ് 4.3 ഓവറില്‍ മറികടന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ വിജയം അനായാസമാക്കി. 16 പന്തില്‍ 30 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ജുനൈദ് സിദ്ദിഖിന്റെ പന്തില്‍ ഹെയ്ദര്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. ശുഭ്മാന്‍ ഗില്ലും-9 പന്തില്‍ 20, സൂര്യകുമാര്‍ യാദവും-രണ്ട് പന്തില്‍ ഏഴ് പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 റണ്‍സ് വഴങ്ങിയത് മാത്രമാണ് ഇന്ത്യയ്ക്ക് സംഭവിച്ച ഏക പിഴവ്. മലയാളി താരമായ ഓപ്പണര്‍ അലിഷന്‍ ഷറഫു നല്‍കിയ മികച്ച തുടക്കം മുതലെടുക്കുന്നതില്‍ യുഎഇ പരാജയപ്പെട്ടു. 17 പന്തില്‍ 22 റണ്‍സെടുത്ത ഷറഫു ജസ്പ്രീത് ബുംറയുടെ യോര്‍ക്കറില്‍ പുറത്തായതോടെ യുഎഇയുടെ നില തകിടം മറിഞ്ഞു.
Also Read: Asia Cup 2025: ‘മുക്കിയും മൂളി’യും 50 കടന്ന് യുഎഇ, ഇന്ത്യയ്ക്ക് 58 റണ്‍സ് വിജയലക്ഷ്യം
തിരുവനന്തപുരം സ്വദേശിയായ ഷറഫുവും, ക്യാപ്റ്റന്‍ മുഹമ്മദ് വാസിമും (22 പന്തില്‍ 19) മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ മൂന്ന് വിക്കറ്റും, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.