Asia Cup 2025: ‘പാകിസ്താനെങ്ങാനും ജയിച്ചാൽ, നോക്കിക്കോ’; അശ്വിൻ്റെ അമ്മ തന്നെ വിളിച്ച് ചൂടായെന്ന് തമിഴ്നാട് ക്രിക്കറ്റർ
R Ashwin Mother On Ind vs Pak: ആർ അശ്വിൻ്റെ അമ്മ തന്നെ വിളിച്ച് ദേഷ്യപ്പെട്ടെന്ന് തമിഴ്നാട് ക്രിക്കറ്റർ വിഗ്നേഷ് കെവി. അശ്വിൻ്റെ യൂട്യൂബ് ചാനലിലാണ് വെളിപ്പെടുത്തൽ.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ആർ അശ്വിൻ തന്നെ വിളിച്ച് ദേഷ്യപ്പെട്ടെന്ന് തമിഴ്നാട് ക്രിക്കറ്റ് താരവും പരിശീലകനുമായ വിഗ്നേഷ് കെവി. അശ്വിൻ്റെ യൂട്യൂബ് ചാനലിലാണ് വിഗ്നേഷിൻ്റെ വെളിപ്പെടുത്തൽ. ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ സൂപ്പർ ഫോറിൽ ജയത്തോടെ ആരംഭിക്കാനും ഇന്ത്യക്ക് സാധിച്ചു.
അനലിസ്റ്റ് പ്രസന്നയും അശ്വിനും ഉൾപ്പെട്ട ചർച്ചക്കിടെയായിരുന്നു വിഗ്നേഷിൻ്റെ വെളിപ്പെടുത്തൽ. “പവർപ്ലേ കഴിഞ്ഞ സമയമാണ്. ഞാൻ സന്തോഷത്തിൽ വീട്ടിലിരുന്ന് കളി കാണുന്നു. അപ്പോ ഒരു നമ്പരിൽ നിന്ന് കോൾ. എടുത്തപ്പോൾ ഒരു സ്ത്രീയാണ്. ‘ഹലോ, വിഗ്നേഷ് ആണോ?’ എന്ന് ചോദിച്ചു. ‘അതെ, വിഗ്നേഷ് ആണ്. താങ്കൾ ആരാണ്?’ എന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. ‘യൂട്യൂബിൽ അശ്വിനുമായിച്ചേർത്ത് ഒരു ഷോ ചെയ്യുന്നില്ലേ?’ എന്ന് ചോദിച്ചു. ‘അതെ’ എന്ന് ഞാൻ മറുപടിനൽകി. “പാകിസ്താന് എന്ത് ധൈര്യത്തിലാണ് താങ്കൾ 40 ശതമാനം സാധ്യത കൊടുത്തത്? പാകിസ്താനെങ്ങാനും ഇന്ന് ജയിച്ചാൽ, നോക്കിക്കോ…” എന്ന് അവർ ഭീഷണിപ്പെടുത്തി.”- വിഗ്നേഷ് പറഞ്ഞു.
“ഞാൻ വീണ്ടും ഇതാരാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. “ഞാൻ അശ്വിൻ്റെ അമ്മയാണ്. നീ എന്ത് ധൈര്യത്തിലാണ് 40 ശതമാനം വിജയസാധ്യത നൽകിയത്? നിൻ്റെ വീടെവിടെയാണ്, അഡ്രസ് എന്താണ്?” എന്നൊക്കെ അവർ തിരിച്ചുചോദിച്ചു. ഞാൻ പറഞ്ഞു, “ആൻ്റി നിങ്ങളായതുകൊണ്ട് ഒരു സമാധാനം. ഞാൻ പേടിച്ചു പോയി” എന്ന്. അപ്പോൾ അവർ പറഞ്ഞു, “ഞാൻ കാര്യം പറഞ്ഞതാണ്. പാകിസ്താനെങ്ങാനും ജയിച്ചാൽ, നിന്നെ തീർത്തുകളയും.”- അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18. 5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.
വിഡിയോ കാണാം
View this post on Instagram