Asia Cup 2025: മുൻപ് ഗില്ലിനൊപ്പം കളിച്ചു; ഏഷ്യാ കപ്പിൽ ഗില്ലിനെതിരെ കളിക്കും: പഴയ സുഹൃത്തിനെ കാണാനുള്ള ആവേശത്തിൽ യുഎഇ താരം
Simranjeet Singh And Shubman Gill: യുഎഇ താരം സിമ്രൻജീത് സിംഗും ഇന്ത്യൻ താരം ശുഭ്മൻ ഗില്ലും തമ്മിൽ പഴയകാല ബന്ധമുണ്ട്. മുൻപ് ഒരു ടീമിൻ്റെ നെറ്റ്സിൽ പ്രാക്ടീസ് ചെയ്തിരുന്നവരാണ് ഇവർ.

സിമ്രൻജീത് സിംഗ്, ശുഭ്മൻ ഗിൽ
ഏഷ്യാ കപ്പിൽ ഇന്ത്യയും യുഎഇയും തമ്മിൽ മത്സരം നടക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു ‘കൊളാബ്’ നടക്കും. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലു യുഎഇ താരം സിമ്രൻജീത് സിംഗും പരസ്പരം ഏറ്റുമുട്ടുമ്പോൾ അതിൻ്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലുള്ള പഞ്ചാബ് ടീമിൻ്റെ ക്യാമ്പ് വരെയാണ് എത്തുക.
“ഗില്ലിനെ എനിക്ക് ചെറുപ്പം മുതൽ അറിയാം. പക്ഷേ, അവനെന്നെ തിരിച്ചറിയുമോ എന്നറിയില്ല.” യുഎഇയ്ക്കായി കളിക്കുന്ന ലെഫ്റ്റ് ആം സ്പിന്നർ സിമർജീത് സിംഗ് ഇത് പറയുമ്പോൾ അദ്ദേഹത്തിൻ്റെ മനസിൽ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നെറ്റ്സാണ്. 12 വയസുകാരനായ ശുഭ്മൻ ഗില്ലും 21 വയസുകാരനായ സിമ്രൻജീത് സിംഗും ആ നെറ്റ്സിൽ ഒരുമിച്ചാണ് പരിശീലിച്ചിരുന്നത്. ലുധിയാനക്കാരനായ സിമ്രൻജീത് ഇപ്പോൾ 35 വയസുകാരനാണ്. യുഎഇയ്ക്കായി കളിക്കുന്നു. 26 വയസുകാരനായ ശുഭ്മൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ടി20 വൈസ് ക്യാപ്റ്റൻ.
Also Read: Asia Cup 2025: സഞ്ജുവിനോട് ഏറെനേരം സംസാരിച്ച് ഗൗതം ഗംഭീർ; ടീമിൽ നിന്ന് ഒഴിവാക്കുന്നു എന്ന സൂചനയോ?
“2011 – 12 കാലഘട്ടങ്ങളിലാവും. രാവിലെ ആറ് മണി മുതൽ 11 മണി വരെ ഞങ്ങൾ മൊഹാലിയിലെ പിസിഎ അക്കാദമിയിൽ പരിശീലനം നടത്തുമായിരുന്നു. പിതാവിനോടൊപ്പം ഏകദേശം 11 മണിയോടെ ശുഭ്മൻ ഗിൽ അവിടെ എത്തും. ഞാൻ ഞങ്ങളുടെ സെഷന് ശേഷം കൂടുതൽ നേരം പന്തെറിയുമായിരുന്നു. അവന് ഇപ്പോൾ എന്നെ തിരിച്ചറിയുമോ എന്നറിയില്ല. ഞാൻ ശുഭ്മൻ ഗില്ലിന് ഒരുപാട് പന്തെറിഞ്ഞുനൽകിയിട്ടുണ്ട്.- സിമ്രൻജീത് സിംഗ് പറയുന്നു.
ഇന്ന് മുതലാണ് എഷ്യാ കപ്പ് ആരംഭിക്കുക. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. അബുദാബിയിലാണ് ഇന്നത്തെ മത്സരം. നാളെ ദുബായിലാണ് ഇന്ത്യ – യുഎഇ മത്സരം നടക്കുക.